ട്രംപിന്റെ സന്ദർശനം: മൊട്ടേറ സ്റ്റേഡിയത്തിനു സമീപമുള്ള ചേരിനിവാസികളെ ഒഴിപ്പിക്കുന്നു
Wednesday, February 19, 2020 12:27 AM IST
അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിനു മുന്നോടിയായി അഹമ്മദാബാദ് മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപം ചേരിയിൽ താമസിക്കുന്ന 45 കുടുംബങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ്. ഏഴുദിവസത്തിനകം വീട്ടുസാധനങ്ങളുമായി സ്ഥലം വിടണമെന്നാണു ചേരിനിവാസികൾക്ക് അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ നോട്ടീസ് നല്കിയിരിക്കുന്നത്.
ഫെബ്രുവരി 11നാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ആക്ഷേപമുള്ള ബുധനാഴ്ചയ്ക്കു മുന്പ് അധികൃതരെ സമീപിക്കണമെന്നാണു നോട്ടീസിൽ പറയുന്നത്. എന്നാൽ ചേരിനിവാസികൾക്ക് 17-ാം തീയതിയാണു നോട്ടീസ് ലഭിച്ചത്.
അതേസമയം, ട്രംപിന്റെ സന്ദർശനവുമായി ഒഴിപ്പിക്കൽ നോട്ടീസിനു ബന്ധമില്ലെന്നാണ് നഗരസഭാ അധികൃതരുടെ വാദം. ടൗൺ പ്ലാനിംഗ് നിയമപ്രകാരമാണ് ഒഴിപ്പിക്കലെന്നാണ് അധികൃതർ പറയുന്നത്. ട്രംപും മോദിയും ചേർന്നാണ് പുതുക്കിപ്പണിത മൊട്ടേറ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുക.
അഹമ്മദാബാദ്-ഗാന്ധിനഗർ റോഡരികിലാണ് ചേരി സ്ഥിതിചെയ്യുന്നത്. ട്രംപ് ഇതുവഴി സഞ്ചരിക്കുന്നതിനാൽ ഏതാനും ദിവസം മുന്പ് മതിൽ പണിത് ചേരി മറച്ചിരുന്നു. ഇതു വലിയ വിവാദത്തിനു വഴിതെളിച്ചു.
ഒരാഴ്ചയായി നിരവധി പ്രാവശ്യം അഹമ്മദാബാദ് മുനിസിപ്പൽ കൗൺസിൽ അധികൃതർ ചേരി സന്ദർശിച്ചിരുന്നുവെന്ന് പ്രദേശവാസിയായ ശൈലേഷ് ബിൽവ പറഞ്ഞു. മൊട്ടേറ സ്റ്റേഡിയത്തിന് 1.5 കിലോമീറ്റർ അകലെയാണ് ചേരി. 64 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ 45 കുടുംബങ്ങൾക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
തങ്ങൾ 20 വർഷത്തിലേറെയായി ഇവിടെ താമസിക്കുകയാണെന്നും മുന്പൊരിക്കലും കുടിയൊഴിപ്പിൽ നോട്ടീസ് തന്നിട്ടില്ലെന്നും ചേരിനിവാസികൾ പറഞ്ഞു. പകരം താമസസൗകര്യമൊരുക്കിയാൽ ഒഴിയാൻ തയാറാണെന്നാണ് ചേരിനിവാസികൾ പറയുന്നത്.