സൗത്ത് ഇന്ത്യൻ ബാങ്കിനു മികച്ച എംഎസ്എംഇ ബാങ്ക് പുരസ്കാരം
Thursday, February 20, 2020 12:22 AM IST
ന്യൂഡൽഹി: അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) ഏർപ്പെടുത്തിയ, സ്വകാര്യമേഖലാ ബാങ്കുകൾക്കിടയിലെ മികച്ച എംഎസ്എംഇ ബാങ്കിനുള്ള പുരസ്കാരം സൗത്ത് ഇന്ത്യൻ ബാങ്കിനു ലഭിച്ചു.
അസോച്ചത്തിന്റെ ഏഴാമത് എംഎസ്എംഇ നാഷണൽ എക്സലൻസ് അവാർഡ്സ് 2019ലെ പുരസ്കാരമാണ് ബാങ്കിനു ലഭിച്ചത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയിൽനിന്നു സൗത്ത് ബാങ്കിനുവേണ്ടി ഇവിപി (ക്രെഡിറ്റ്) ജി. ശിവകുമാർ പുരസ്കാരം ഏറ്റുവാങ്ങി.
ബാങ്കിന്റെ എംഎസ്എംഇ രംഗത്തെ ആകെയുമുള്ള പ്രകടനത്തിനുള്ള അംഗീകാരമെന്ന നിലയ്ക്കാണ് പുരസ്കാരം. ബാങ്ക് രാജ്യത്തുടനീളമുള്ള ബിസിനസ് സാധ്യതയുള്ള ശാഖകളിൽ എംഎസ്എംഇയിൽ പരിശീലനം ലഭിച്ച പ്രത്യേക ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി മികച്ച വളർച്ച പ്രകടമായ റീട്ടെയിൽ വായ്പാ പോർട്ട്ഫോളിയോ മെച്ചപ്പെടുത്തുന്നതിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ എംഎസ്എംഇ വായ്പകളുടെയും മറ്റു വായ്പകളുടെയും നടപടിക്രമങ്ങൾ, കേന്ദ്രീകൃത സംവിധാനത്തിലൂടെ വേഗത്തിലും കാര്യക്ഷമവുമായി നടക്കുന്നതിനാൽ എംഎസ്എംഇ റീട്ടെയിൽ, കാർഷിക രംഗങ്ങളിൽ സൗത്ത് ഇന്ത്യൻ ബാങ്കിനു പ്രകടമായ മേൽക്കോയ്മയുമുണ്ട്.