നിർഭയ: വിനയ് ശർമയുടെ ഹർജി തള്ളി
Sunday, February 23, 2020 12:04 AM IST
ന്യൂഡൽഹി: നിർഭയ കേസിലെ പ്രതി വിനയ് ശർമയുടെ ഹർജി ഡൽഹി കോടതി തള്ളി. മാനസികാസ്വാസ്ഥ്യത്തിന് വിദഗ്ധ ചികിത്സ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.
സ്കിസോഫ്രേനിയ ഉൾപ്പെടെ മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നും കൈക്കും കാലിനും പരിക്കുണ്ടെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. മൂന്നു ദിവസം മുൻപ് ഇയാൾ ജയിൽമുറിയുടെ ഭിത്തിയിൽ തലയിടിച്ചു സ്വയം പരിക്കേൽപ്പിച്ചിരുന്നു. വിനയ് ശർമ കേസിലെ മറ്റു മൂന്നു പ്രതികളേക്കാൾ വ്യത്യസ്തമായാണു പെരുമാറുന്നതെന്നാണ് തിഹാർ ജയിൽ അധികൃതർ പറഞ്ഞത്.
വിചാരണയ്ക്കിടെ വിനയ് ശർമയ്ക്ക് ഇതുവരെ യാതൊരു വിധ മാനസിക അസ്വാസ്ഥ്യവും ഇല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഇർഫാൻ അഹമ്മദ് ചൂണ്ടിക്കാട്ടി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു പ്രതിക്ക് ഉണ്ടാകാവുന്ന നിരാശയും വിഷാദരോഗവും മാത്രമാണ് വിനയ് ശർമയ്ക്കുള്ളതെന്ന് കോടതിയും നിരീക്ഷിച്ചു. ഇപ്പോൾ ജയിലിനുള്ളിൽ നൽകി വരുന്നത് മതിയായ ചികിത്സകളാണെന്നും കോടതി ചൂണ്ടിക്കാട്ടി.