നീരവ് മോദിയുടെ ആസ്തികളുടെ ഓൺലൈൻ ലേലം മാറ്റിവച്ചു
Thursday, February 27, 2020 12:12 AM IST
മുംബൈ: അമൂല്യമായ പെയിന്റിംഗുകൾ, ആഡംബര വാച്ചുകൾ, ലക്ഷ്വറി കാറുകൾ എന്നിവ ഉൾപ്പെടെ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന നീരവ് മോദിയുടെ ആസ്തികളുടെ ലേലം മാറ്റിവച്ചതായി ലേലം നടത്തുന്ന സഫ്രോൺആർട് അറിയിച്ചു.
112 വസ്തുക്കൾ നേരിട്ടും 72 എണ്ണം ഓൺലൈനായും ലേലം നടത്താനാണ് സഫ്രോൺആർട് തീരുമാനിച്ചിരുന്നത്. വ്യാജരേഖ ചമച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 14,000 കോടി രൂപ വായ്പയെടുത്തു രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദി നിലവിൽ ബ്രിട്ടനിലെ ജയിലിൽ തടവിലാണ്. കഴിഞ്ഞവർഷം മാർച്ചിൽ നീരവ് മോദിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പെയിന്റിംഗുകൾ ലേലം നടത്തിയ സഫ്രോൺആർട് 55 കോടി രൂപ നേടിയിരുന്നു.
നേരിട്ടുള്ള ലേലം ഇന്നും ഓൺലൈൻ ലേലം അടുത്തമാസം ആദ്യവും നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരം ലേലം മാർച്ച് അഞ്ചിലേക്ക് മാറ്റിയതായി സഫ്രോൺആർട് ഇന്നലെ വൈകീട്ട് പ്രസ്താവനയിൽ അറിയിച്ചു. നേരത്തെ നിശ്ചയിച്ചതുപോലെ ഓൺലൈൻ ലേലം മാർച്ച് മൂന്ന്, നാല് തീയതികളിൽ നടക്കും.
അമൃത ഷേർഗിലിന്റെ 1935 ലെ ബോയ്സ് വിത്ത് ലെമൺസ് എന്ന പെയിന്റാണ് നാളെ ലേലത്തിനുള്ളതിൽ വച്ച് ഏറ്റവും വിലുപിടിപ്പുള്ളത്. 12 കോടി മുതൽ 18 കോടി വരെയാണ് ഇതിനു പ്രതീക്ഷിക്കുന്നത്. എംഎഫ് ഹുസൈന്റെ 1972 ലെ ഒരു പെയിന്റിംഗും ലേലത്തിൽ ഉണ്ട്. അമൂല്യമായ വാച്ചുകൾ, വജ്രവാച്ചുകൾ, റോൾസ് റോയിസ് ഗോസ്റ്റ് കാർ എന്നിവയും ലേലത്തിനുണ്ട്.