പലായനം തുടരുന്നു
Monday, March 30, 2020 12:16 AM IST
ന്യൂഡൽഹി: കനത്ത ആശങ്ക ഉയർത്തി രാജ്യത്തു പലയിടത്തും കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുന്നതിനിടെ കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി അതിർത്തികൾ അടച്ച്, കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്കു തിരിച്ചുപോകുന്ന കുത്തൊഴുക്കു തടയണമെന്നു സംസ്ഥാനങ്ങൾക്കു കേന്ദ്രസർക്കാരിന്റെ കർശന നിർദേശം.
ലോക്ക് ഡൗണ്‍ കാലത്ത് അതാതു സംസ്ഥാനങ്ങളിൽ കഴിയുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും താമസവും ഒരുക്കണം. തൊഴിലാളികളോടും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളോടും വാടവീടുകൾ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെടുന്ന വീട്ടുടമസ്ഥർക്കെതിരേ കർശന നടപടിയെടുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
കുടിയേറ്റ തൊഴിലാളികൾക്കുസൗകര്യമൊരുക്കാൻ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നു തുക ചെലവഴിക്കാം. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയും ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയുമാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും പോലീസ് മേധാവികൾക്കും വീഡിയോ കോണ്‍ഫറൻസിലൂടെ നിർദേശം നൽകിയത്.
സെബി മാത്യു