കോവിഡ് പ്രതിരോധത്തിനിടെ കൃത്യവിലോപം; രണ്ട് ഐഎഎസുകാർക്ക് സസ്പെൻഷൻ
Monday, March 30, 2020 11:50 PM IST
ന്യൂഡൽഹി: രാജ്യം കടുത്ത ജാഗ്രതയോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ ഒൗദ്യോഗിക കൃത്യവിലോപത്തിന്റെ പേരിൽ ഡൽഹിയിൽ രണ്ടു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്പെന്‍ഡ് ചെയ്തു. രണ്ട് ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
ഗതാഗത സംവിധാനങ്ങളെല്ലാം റദ്ദാക്കി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ഡൽഹിയിൽ ആയിരക്കണക്കിനു കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ നിരത്തിലിറങ്ങിയതിന്റെ പേരിലാണ് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തത്. ഗതാഗത വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രേണു ശർമ, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജീവ് വർമ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഭവന, കെട്ടിട, ഭൂമി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യ ഗോപാൽ, ശീലംപൂർ എസ്ഡിഎം അജയ് കുമാർ അറോറ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി വൈറസ് വ്യാപനം തടയുന്നതിനായി നൽകിയ കർശന നിർദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി എന്നു കണ്ടെത്തിയതിനെത്തുടർന്നാണു നടപടി.