കസ്തൂരിരംഗൻ: കരട് വിജ്ഞാപനത്തിന്റെ കാലാവധി ആറ് മാസംകൂടി നീട്ടി
Wednesday, April 1, 2020 12:11 AM IST
ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഡോ. കസ്തൂരി രംഗൻ സമിതി നിർദേശങ്ങൾ അംഗീകരിച്ച് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ കാലാവധി കേന്ദ്ര സർക്കാർ ആറ് മാസംകൂടി നീട്ടി.
നേരത്തെ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം. 1986-ലെ പരിസ്ഥിതി നിയന്ത്രണ നിയമത്തിലെ ഡി(3)-5 വകുപ്പിൽ ഭേദഗതി വരുത്തിയാണ് മന്ത്രാലയത്തിന്റെ നടപടി.
കരട് വിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയോ കേരളം നൽകിയ വസ്തുതാ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയോ ചെയ്യണമെന്നു ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടിരുന്നു.
സാധാരണ 545 ദിവസത്തേക്കാണ് ഒരു കരട് വിജ്ഞാപനത്തിന്റെ കാലാവധി. ഇപ്പോൾ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണ നടപടികൾ തുടരുന്ന സാഹചര്യത്തിലാണ് 2018 സെപ്റ്റംബറിൽ പുറത്തിറക്കിയ നാലാമത് കരട് വിജ്ഞാപനത്തിന്റെ കാലാവധി ആറ് മാസം കൂടി നീട്ടിയത്.