എല്ലാവർക്കും താമസസൗകര്യം ഒരുക്കിയെന്ന് കേന്ദ്രം
Wednesday, April 1, 2020 12:12 AM IST
ന്യൂഡൽഹി: രാജ്യത്തെ തൊഴിലാളികൾക്കെല്ലാം താമസമൊരുക്കിയിട്ടുണ്ടെന്നും ആരും ഇപ്പോൾ നിരത്തുകളിലില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കുടിയേറ്റ തൊഴിലാളികൾ കൂട്ടപ്പലായനം ചെയ്യുന്നതു സംബന്ധിച്ച് നൽകിയ റിപ്പോർട്ടിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളുടെ പലായനം തടഞ്ഞാലും അവർക്കു വേണ്ട ഭക്ഷണവും മരുന്നും താമസ സൗകര്യവും ഒരുക്കണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
വൈറസുകൾ ഉണ്ടാക്കുന്നതിനേക്കാൾ വലിയ ഭയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ മൂലവും ഭക്ഷണവും ജോലിയുമില്ലാത്ത അവസ്ഥയും ഉണ്ടാക്കുന്നുണ്ടെന്നു കോടതി നിരീക്ഷിച്ചു. ഇതിനു പരിഹാരമുണ്ടാക്കാൻ കൗൺസിലർമാരെ നിയോഗിക്കണം.
ഭജന, കീർത്തനം, നിസ്കാരം എന്നിവ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കണം. മത നേതാക്കൾക്കും പുരോഹിതർക്കും ക്യാന്പുകളിൽ പ്രവേശനം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.