പുൽവാമയിൽ ഭീകരാക്രമണ ശ്രമം തകർത്തു
Friday, May 29, 2020 1:19 AM IST
ശ്രീനഗർ: സുരക്ഷാസേനയുടെ ജാഗ്രത മൂലം പുൽവാമയിൽ മറ്റൊരു വൻ ഭീകരാക്രമണം ഒഴിവായി. സൈനികരെ ലക്ഷ്യമിട്ട് ചാവേർ സ്ഫോടനം നടത്താൻ കൊണ്ടുവന്ന കാർ പുൽവാമ പോലീസ് പിടിച്ചെടുത്തു. 45 കിലോ സ്ഫോടകവസ്തുക്കൾ ഇതിലുണ്ടായിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീൻ, ജയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനകൾ സംയുക്തമായിട്ടാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് കാഷ്മീർ ഐജി വിജയ് കുമാർ അറിയിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പുൽവാമയിൽ സൈനിക വാഹനവ്യൂഹനത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണു കൊല്ലപ്പെട്ടത്. ഇതേപോലൊരു ആക്രമണത്തിന് വീണ്ടും പദ്ധതിയൊരുങ്ങുന്നതായി സുരക്ഷാസേനയ്ക്കു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭീകരരെ നേരിടാൻ സുരക്ഷാസേനകൾ സജ്ജമായിരുന്നു.
ബുധനാഴ്ച സ്ഫോടകവസ്തുക്കൾ നിറച്ച ഒരു കാർ രണ്ടു സ്ഥലങ്ങളിൽ സൈനികരെ ലക്ഷ്യമിടാൻ ശ്രമിച്ചു. ഈ കാറിനെക്കുറിച്ചും മുൻകൂർ വിവരം ലഭിച്ചിരുന്നു. രണ്ടിടത്തും സൈനികർ മുന്നറിയിപ്പായി വെടിയുതിർത്തപ്പോൾ ഭീകരർ കാറുമായി കടന്നുകളഞ്ഞു. രാത്രിയിൽ ഉപേക്ഷിക്കപ്പെട്ട കാർ പോലീസ് കണ്ടെത്തി. ഇന്നലെ സൂര്യനുദിച്ചശേഷം നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ഇതു നിർവീര്യമാക്കി.
ഹിസ്ബുൾ, ജയ്ഷ് സംഘടനകളുമായി ബന്ധമുള്ള ആദിൽ, പാക് സ്വദേശിയായ ഭീകര കമാൻഡർ ഫൗജി ഭായ് എന്നിവരാണ് ആക്രമണത്തിനു ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.