വിമത കോൺഗ്രസ് എംഎൽഎമാരായ അദിതി സിംഗിനെയും രാകേഷ് സിംഗിനെയും അയോഗ്യരാക്കാനാവില്ലെന്നു യുപി സ്പീക്കർ
Tuesday, July 14, 2020 12:12 AM IST
ലക്നോ: യുപിയിലെ വിമത കോൺഗ്രസ് എംഎൽഎമാരായ അദിതി സിംഗിനെയും രാകേഷ് സിംഗിനെയും അയോഗ്യരാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം യുപി നിയമസഭാ സ്പീക്കർ ഹൃദയ് നാരായൺ ദിക്ഷീത് തള്ളി. എംഎൽഎമാർക്കെതിരെയുള്ള പരാതിയിൽ തെളിവില്ലെന്ന് വിധാൻ സഭാ വക്താവ് പറഞ്ഞു.
റായ്ബറേലി എംഎൽഎയാണ് അദിതി സിംഗ്. ഹർചന്ദ്പുർ എംഎൽഎയാണ് രാകേഷ്. ഇരുവരും കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയുടെ കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളെയാണു പ്രതിനിധീകരിക്കുന്നത്. പാർട്ടി വിപ്പ് ലംഘിച്ച് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തുവെന്നതാണ് അദിതിക്കെതിരേയുള്ള ആരോപണം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സോണിയഗാന്ധിക്കെതിരേ മത്സരിച്ച ബിജെപി സ്ഥാനാർഥിയെ സഹായിച്ചുവെന്നതാണ് രാകേഷ് സിംഗിനെതിരേയുള്ള പരാതി. ഏഴ് എംഎൽഎമാരാണു യുപിയിൽ കോൺഗ്രസിനുള്ളത്.