ഓണ്‍ലൈൻ ക്ലാസുകൾക്ക് സമയപരിധി നിശ്ചയിച്ച് കേന്ദ്രം
Wednesday, July 15, 2020 12:14 AM IST
ന്യൂഡൽഹി: ഓണ്‍ലൈൻ ക്ലാസുകളുടെ നടത്തിപ്പിന് കേന്ദ്ര മാനവശേഷി മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഓരോ വിഭാഗത്തിൽ പെട്ട ക്ലാസുകൾക്കും സമയദൈർഘ്യവും നിശ്ചയിച്ചിട്ടുണ്ട്. പലയിടത്തും സ്കൂളുകൾ സാധാരണ പ്രവൃത്തി ദിവസങ്ങളിലെ പോലെ തന്നെ മുഴുവൻ സമയ ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിച്ചതോടൊണ് മന്ത്രാലയം ഇതിനായി പ്രഗ്യത എന്ന പേരിൽ മാർഗനിർദേശങ്ങൾ ഇറക്കിയത്.
ഡിജിറ്റൽ സംവിധാനങ്ങൾ ഉള്ളവർക്കും പരിമിത സൗകര്യങ്ങൾ ഉള്ളവർക്കും തീരെ ഇല്ലാത്തവർക്കും പ്രയോജനകരമായ എൻസിഇആർടിയുടെ അധ്യയന കലണ്ടർ അടിസ്ഥാനമാക്കണമെന്നതാണ് മാർഗനിർദേശത്തിൽ പ്രധാനം. കോവിഡ് പ്രതിസന്ധിയിൽ സ്കൂളുകൾ ഉടൻ തന്നെ പഴയ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കില്ല. എങ്കിലും ഗുണകരമായ വിദ്യാഭ്യാസം വീടുകളിലും സ്കൂളുകളിലും ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് മാനവശേഷി മന്ത്രി രമേശ് പൊഖ്റിയാൽ നിഷാങ്ക് പറഞ്ഞു.
മാർഗനിർദേശങ്ങൾ
* പ്രീ പ്രൈമറി - 30 മിനിറ്റിൽ കൂടുതൽ ക്ലാസുകൾ പാടില്ല. പ്രത്യേക ദിവസം മാതാപിതാക്കളുമായി ആശയവിനിമയം നടത്തണം.
* ഒന്നു മുതൽ എട്ടു വരെ - ഓരോ ദിവസവും 30 മിനിറ്റ് മുതൽ 45 മിനിറ്റു വരെയുള്ള രണ്ടു സെഷനുകളിൽ കൂടുതൽ പാടില്ല.
* ഒൻപത് മുതൽ 12 വരെ- ഓരോ ദിവസവും 30 മിനിറ്റ് മുതൽ 45 മിനിറ്റ് വരെയുള്ള നാലു സെഷനുകളിൽ കൂടുതൽ പാടില്ല.
=ഒന്നു മുതൽ 12 വരെ- എൻസിഇആർടി അക്കാഡമിക് കലണ്ടർ അനുസരിച്ച് പാഠ്യപദ്ധതികൾ നടപ്പാക്കണം.