101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കും
Monday, August 10, 2020 12:52 AM IST
ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തതയും സ്വദേശിവത്കരണവും ഉറപ്പാക്കുന്നതിനായി 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആണ് ഇക്കാര്യം ഇന്നലെ പ്രഖ്യാപിച്ചത്.
ആയുധ സന്നാഹങ്ങൾ ഉൾപ്പടെയുള്ള പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതിയാണ് നിരോധിക്കുന്നത്. പകരം തദ്ദേശീയ പ്രതിരോധ ഉത്പാദനം വർധിപ്പിക്കും. 2024 വരെയാണ് നിരോധന കാലാവധി. അതിനുള്ളിൽ ഘട്ടംഘട്ടമായി വിദേശത്തുനിന്നുള്ള പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കും.
ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരതുമായി ബന്ധപ്പെട്ടാണ് പ്രതിരോധ വകുപ്പിന്റെ പ്രഖ്യാപനം.
ഇന്ത്യയിലുള്ള കന്പനികൾക്കും കൂടുതൽ അവസം നൽകാനും വിദേശകന്പനികളെ ഒഴിവാക്കാനുമാണ് താത്കാലിക നിരോധനം. വിദേശരാജ്യങ്ങളുമായുള്ള കരാറിനെ ബാധിക്കുമെന്നതിനാലാണ് നിരോധനം താത്കാലികമാക്കിയിരിക്കുന്നത്.
കവചിത വാഹനങ്ങൾ, റൈഫിൾ, സൈന്യത്തിന്റെ ട്രാൻസ്പോർട്ട് വിമാനങ്ങൾ തുടങ്ങിയവ തദ്ദേശീയമായി നിർമിക്കാനാവും. റഡാറുകളും വിവിധ തരം തോക്കുകളും തദ്ദേശീയമായി നിർമിക്കും. ഇതിലൂടെ നാല് ലക്ഷം കോടിയുടെ കരാർ അടുത്ത ആറോ ഏഴോ വർഷത്തിനുള്ളിൽ ഇന്ത്യൻ കന്പനികൾക്ക് ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. തീരുമാനം ഇന്ത്യൻ പ്രതിരോധ വ്യവസായ മേഖലയ്ക്കു വൻ മുതൽക്കൂട്ടാകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.