ഓർഡിനൻസിലൂടെ ലൗ ജിഹാദിനെ വരിഞ്ഞുമുറുക്കാൻ യോഗി സർക്കാർ
Saturday, September 19, 2020 12:50 AM IST
ലക്നോ: ലൗ ജിഹാദിന്റെ പേരിൽ നടക്കുന്ന നിർബന്ധിത മതപരിവർത്തനവും സ്ത്രീപീഡനങ്ങളും തടയാൻ കർക്കശനിമയങ്ങൾ കൊണ്ടുവരാൻ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ നീക്കം. നിയമനിർമാണത്തിനുള്ള കർമപരിപാടികൾ തയാറാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോടു നിർദേശിച്ചു. ആവശ്യമെങ്കിൽ ഓർഡിനൻസ് വരെ കൊണ്ടുവരാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സമീപകാലത്ത് പ്രണയവിവാഹങ്ങളുടെയും മറ്റും പേരിൽ മതപരിവർത്തനം വ്യാപകമാവുകയാണ്. കടുത്ത പീഡനം നേരിടുന്ന പെൺകുട്ടികളിൽ ചിലർക്കു ജീവൻപോലും നഷ്ടമാകുന്ന സ്ഥിതിവിശേഷമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നിയമനിർമാണം വേണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
സംഘടിതമായ രീതിയിലാണ് ലൗ ജിഹാദിനുവേണ്ടിയുള്ള പ്രവർത്തനം. ഇതുപരിഗണിച്ചായിരിക്കും നിയമനിർമാണമെന്നു പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.
‘ലൗ ജിഹാദ്’സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കാൺപുരിൽ അടുത്തിടെ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. പ്രണയത്തിന്റെ പേരിലുള്ള നിർബന്ധിത മതപരിവർത്തനം തടയണമെന്ന് സംസ്ഥാന ലോ കമ്മീഷൻ മുഖ്യമന്ത്രിക്കു നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
“ ഉത്തർപ്രദേശ് ഫ്രീഡം ഓഫ് റിലിജിയൻ ബിൽ 2019” എന്ന പേരിലുള്ള ബില്ലിന്റെ കരടുരൂപവും തയാറാക്കിയിരുന്നുവെന്നു ലോ കമ്മിഷൻ സെക്രട്ടറി സപ്ന ത്രിപാഠി പറഞ്ഞു. ഇപ്പോൾ സംസ്ഥാനത്ത് നിലവിലുളള നിയമങ്ങളും ഒപ്പം നേപ്പാൾ, മ്യാൻമർ, ഭൂട്ടാൻ, ശ്രീലങ്ക, പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ നിയമങ്ങളും പരിശോധിച്ചാണുറിപ്പോർട്ട് തയാറാക്കിയിരുന്നത്. 268 പേജുള്ള ഈ റിപ്പോർട്ട് ഉൾപ്പെടെ പരിഗണിച്ചാണു മുഖ്യമന്ത്രിയുടെ നിർദേശം.
നേരത്തെ മധ്യപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഇത്തരം സംഭവങ്ങളിലെ പ്രതികൾക്കു കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പ്രത്യേക നിയമം തയാറാക്കിയിരുന്നുവെന്ന് ലോ കമ്മീഷൻ സെക്രട്ടറി പറഞ്ഞു.