മയക്കുമരുന്ന് ഇടപാട്: അന്വേഷണം ദീപിക പദുക്കോണിലേക്കും
Wednesday, September 23, 2020 12:01 AM IST
മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം കൂടുതൽ ഉന്നതരിലേക്കെന്നു സൂചന. നടി ദീപിക പദുക്കോണിനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) ചോദ്യംചെയ്യാൻ സാധ്യതയുണ്ട്. നടിയെ ഉടൻ വിളിച്ചുവരുത്തുമെന്ന് എൻസിബി വൃത്തങ്ങൾ സൂചിപ്പിച്ചതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ദീപികയുടെ മാനേജർ കൃഷ്ണപ്രകാശിനെ ഇന്നലെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. കൃഷ്ണപ്രകാശും ‘ഡി’ എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റിംഗിൽ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സൂചനയുണ്ട്.
നടിമാരായ രാകുൽ പ്രീത് സിംഗ്, സാറാ അലി ഖാൻ, ഡിസൈനർ സൈമൺ കാംബട്ട എന്നിവരെയും വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്ന സൂചനകളുണ്ട്. നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തത്തുടർന്നുള്ള അന്വേഷണത്തിലാണ് ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടുകൾ പുറത്തായത്.
റിയയുടെ റിമാൻഡ് ഒക്ടോബർ ആറു വരെ നീട്ടി
മുംബൈ: മയക്കുമരുന്നു കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തി ഒക്ടോബർ ആറു വരെ ജുഡീഷൽ കസ്റ്റഡിയിൽ തുടരും. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി)ആണ് റിയയെ അറസ്റ്റ് ചെയ്തത്.