ടൈം മാഗസിൻ പട്ടികയിൽ മോദിക്കൊപ്പം ഷഹീൻബാഗ് ദാദിയും
Thursday, September 24, 2020 12:09 AM IST
മുംബൈ: ടൈം മാഗസിന്റെ 2020ലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇടം നേടി ഷഹീൻബാഗ് സമരത്തിന്റെ മുഖമായ ബിൽക്കീസും ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാനയും. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ഷഹീൻബാഗിൽ നടന്ന സമരത്തിലാണ് എണ്‍പത്തിരണ്ടുകാരിയായ ബിൽക്കീസ് ശ്രദ്ധ നേടിയത്.

ലീഡർ വിഭാഗത്തിലാണ് മോദി ഉൾപ്പെട്ടത് ഐക്കണ്‍ വിഭാഗത്തിലാണ് ബിൽക്കിസ്. നടൻ ആയുഷ്മാൻ ഖുറാന(36) 2012ലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദം ലഗാ കേ ഹയിഷ, ബറേലി കി ബർഫി, ശുഭ് മംഗൾ സാവ്ധാൻ തുടങ്ങിയവയാണ് ആയുഷ്മാന്റെ പ്രമുഖ സിനിമകൾ. ദേശീയ അവാർഡ് ജേതാവുമാണ് ഇദ്ദേഹം. ഇന്ത്യൻ വംശജരായ ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ ലണ്ടനിലെ ഡോക്ടർ രവീന്ദ്ര ഗുപ്ത എന്നിവരും ടൈം മാഗസിൻ പട്ടികയിലുണ്ട്. 2017ൽ ആണ് ഇതിനു മുന്‍പ് മോദി ടൈം മാഗസിൻ പട്ടികയിൽ ഇടം കണ്ടത്.