ബിഹാർ തെരഞ്ഞെടുപ്പ്: ഹർജി തള്ളി
Saturday, September 26, 2020 1:10 AM IST
ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നതു വരെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാൻ അനുവദിക്കണമെന്ന ആവശ്യവും ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അംഗീകരിച്ചില്ല.
കോവിഡ് പ്രതിസന്ധി തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള നിയമപരമായ കാരണമല്ല. തെരഞ്ഞെടുപ്പു നടപടികൾ കമ്മീഷന്റെ പരിധിയിൽ വരുന്നതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, തെരഞ്ഞെടുപ്പ് റദ്ദാക്കാനും കമ്മീഷന്റെ അധികാരങ്ങളിൽ ഇടപെടാനാവില്ലെന്നും വ്യക്തമാക്കി. ഈ വിഷയം ചൂണ്ടിക്കാട്ടി നൽകിയ ഒന്നിലധികം ഹർജികൾ നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു.