പെരിയാറിന്റെ പ്രതിമയെ വീണ്ടും അവഹേളിച്ചു, വ്യാപക പ്രതിഷേധം
Monday, September 28, 2020 12:43 AM IST
തിരുച്ചിറപ്പള്ളി: സാമൂഹികപരിഷ്കർത്താവായിരുന്ന ഇ.വി. രാമസ്വാമി എന്ന പെരിയാറിന്റെ പ്രതിമയിൽ അജ്ഞാതർ കാവി നിറം പൂശി. ഇനംകുളത്തൂർ സമത്തുവപുരം കോളനിയിലാണു സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികൾക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം പറഞ്ഞു.
പെരിയാറിന്റെ പ്രതിമയെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ ദിണ്ഡുഗൽ ഹൈവേ ഉപരോധിച്ചു. ദ്രാവിഡർ കഴകത്തിന്റെ മാത്രമല്ല, തമിഴ് ജനതയുടെ ആകെ നേതാവാണ് പെരിയാറെന്നു ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പറഞ്ഞു. കോയന്പത്തൂരിലും പെരിയാറിന്റെ പ്രതിമയിൽ കാവി നിറം പൂശി അവഹേളിച്ചിരുന്നു.
പെരിയാറിന്റെ ജന്മവാർഷികത്തിന് ആശംസ അറിയിക്കാൻ ബിജെപിക്ക് മടിയില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ എൽ. മുരുകൻ പറഞ്ഞത് ഇങ്ങനെ ബഹുമാനം കാണിക്കുമെന്നാണോ എന്ന് കനിമൊഴി എംപി ചോദിച്ചു.