ജസ്വന്ത് സിംഗ് അന്തരിച്ചു
Monday, September 28, 2020 12:43 AM IST
ന്യൂഡൽഹി: ബിജെപി സ്ഥാപക നേതാക്കളിൽ ഒരാളും മുൻ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിംഗ് (82) അന്തരിച്ചു. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഇന്നലെ രാവിലെ ഏഴോടെ ഡൽഹിയിലെ ആർമി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ജൂണ്‍ 25 മുതൽ ആർമി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നലെ വൈകുന്നേരത്തോടെ രാജസ്ഥാനിലെ ജോധ്പുരിൽ നടത്തി.
2014ൽ കുളിമുറിയിൽ തെന്നിവീണതിനെ തുടർന്ന് ജസ്വന്ത് സിംഗിനു തലയിൽ പരിക്കേൽക്കുകയും പിന്നീട് അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു. തുടർന്ന് രക്തത്തിൽ അണുബാധ, വിവിധ അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ, തലയ്ക്കേറ്റ ക്ഷതം എന്നിവയ്ക്കാണ് ചികിത്സ നൽകിയിരുന്നതെന്ന് ആർമി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.