ഹത്രാസ് കൂട്ടമാനഭംഗം; കുടുംബാംഗങ്ങളെ പൂട്ടിയിട്ട് പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചു
Thursday, October 1, 2020 1:52 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ട് പോലീസ് സംസ്കരിച്ചു. രണ്ടാഴ്ച മുൻപ് കൂട്ട മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി ചൊവ്വാഴ്ച ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലാണു മരിച്ചത്. ഗ്രാമത്തിലെത്തിച്ച മൃതദേഹം കുടുംബാംഗങ്ങളുടെ അഭ്യർഥന നിരസിച്ച് അവരെ ബലമായി അകറ്റി നിർത്തി പുലർച്ചെ 2.45 നു പോലീസ് തന്നെ ചിതയിൽ വച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അവസാനമായി ഒരു നോക്കുകാണാൻപോലും മാതാവിനെയും സഹോദരങ്ങളെയും അനുവദിച്ചില്ല.
ആശുപത്രിയിൽനിന്നു തങ്ങളുടെ അനുമതി ഇല്ലാതെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കൊണ്ടുപോയതെന്ന് പെണ്കുട്ടിയുടെപിതാവും സഹോദരനും ചൊവ്വാഴ്ച രാത്രി പറഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇവർ ആശുപത്രിക്കു മുന്നിൽ കുത്തിയിരിക്കുകയും ചെയ്തു. എന്നാൽ, പോലീസെത്തി ബലമായി ഇവരെ യുപി നന്പർ പ്ലേറ്റുള്ള ഒരു കറുത്ത സ്കോർപിയോയിൽ കയറ്റി കൊണ്ടു പോയി. അർധരാത്രിയോടെ ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുപിയിലെ ഹത്രാസിൽ പെണ്‍കുട്ടിയുടെ വീടിനു സമീപം മൃതദേഹം എത്തിച്ചു. അപ്പോൾത്തന്നെ മൃതദേഹം സംസ്കരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
എന്നാൽ, ഇതു തങ്ങളുടെ ആചാരങ്ങൾക്കു വിരുദ്ധമാണെന്നും രാവിലെ അന്ത്യകർമങ്ങൾ നടത്താമെന്നും ബന്ധുക്കൾ പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് കാലുപിടിച്ച് കേണപേക്ഷിച്ചിട്ടും പോലീസ് ചെവി കൊടുക്കാൻ തയാറായില്ല. പിന്നീട് പെണ്‍കുട്ടിയുടെ ബന്ധുക്കൾ ആരുംതന്നെ അടുത്തില്ലെന്നുറപ്പാക്കിയ ശേഷം പോലീസ് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് മാധ്യമപ്രവർത്തകരെയും ബലമായി അകറ്റി നിർത്തി.
എന്നാൽ, കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് പെണ്‍കുട്ടിയുടെ അന്ത്യകർമങ്ങൾ അപ്പോൾത്തന്നെ നടത്തിയതെന്നാണ് യുപി പോലീസിന്റെ വിശദീകരണം. സംസ്കാര സമയത്ത് പെണ്‍കുട്ടിയുടെ ബന്ധുക്കൾ സ്ഥലത്തുണ്ടായിരുന്നു എന്നതിന് തെളിവുണ്ടെന്നു ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാർ ലസ്കാർ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 14നാണ് ദളിത് വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടി ക്രൂരമായ കൂട്ട മാനഭംഗത്തിന് ഇരയായത്. സംഭവുമായി ബന്ധപ്പെട്ട് ഗ്രാമത്തിലെ ഉയർന്ന ജാതിയിൽ പെട്ട നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.