ഈന്തപ്പഴ വിതരണം അനുമതിയില്ലാതെയെന്ന് വിദേശകാര്യ മന്ത്രാലയം
Sunday, October 18, 2020 12:30 AM IST
ന്യൂഡൽഹി: സംസ്ഥാന സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ വിവാദ ഇടപാടുകള്‍ക്കൊന്നും കേന്ദ്രാനുമതി വാങ്ങിയിരുന്നില്ലെന്നു വിദേശകാര്യ മന്ത്രാലയം. കോണ്‍സുലേറ്റില്‍ നിന്ന് സംഭാവനകളായി ഈന്തപ്പഴവും ഖുറാനും സര്‍ക്കാര്‍ സ്വീകരിച്ചതും ലൈഫ് മിഷന് പദ്ധതിക്കായി റെഡ്ക്രസന്റില്‍ നിന്ന് 20 കോടി വാങ്ങിയതും മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയാണ് വിവരാവകാശ രേഖ പ്രകാരമുള്ള മറുപടിയില്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് 2017 മേയില്‍ യുഎഇ കോണ്‍സുലേറ്റ് വിദ്യാര്‍ഥികള്‍ക്കുള്ള ഈന്തപ്പഴവിതരണ ചടങ്ങിനു തുടക്കം കുറിച്ചത്. സുപ്രീംകോടതി അഭിഭാഷകന് കോശി ജേക്കബിനു നല്കിയ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍.
യുഎഇ കോണ്‍സുലേറ്റുമായുള്ള അനധികൃത ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കോശി നല്കിയ പരാതി തുടര്‍ നടപടികള്‍ക്കായി ജൂലൈ അഞ്ചിന് മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിക്ക് അയച്ചിരുന്നു.
ഈ പരാതി സ്പെഷല്‍ യെമന്‍ കുവൈറ്റ് സെല്‍ അണ്ടര്‍ സെക്രട്ടറിക്ക് കൈമാറിയതായും നടപടികള്‍ സംബന്ധിച്ച് ഇവരില്‍നിന്നു വിവരങ്ങള്‍ ലഭ്യമാക്കുമെന്നും വിവരാവകാശ മറുപടിയില്‍ മന്ത്രാലയം അറിയിച്ചു.