ബല്ലിയ വെടിവയ്പ്: ബിജെപി നേതാവായ മുഖ്യപ്രതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
Monday, October 19, 2020 12:37 AM IST
ബല്ലിയ/ലക്നോ: റേഷൻ കടകൾ അനുവദിക്കണമെന്ന വിഷയത്തിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുള്ള ചർച്ചയ്ക്കിടെ യുപിയിലെ ബല്ലിയയിൽ നാൽപ്പത്തിയാറുകാരൻ വെടിയേറ്റുമരിച്ച സംഭവത്തിൽ മുഖ്യപ്രതിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.
ബിജെപി നേതാവുകൂടിയായ മുഖ്യപ്രതി ധീരേന്ദ്ര പ്രതാപ് സിംഗിനെ ലക്നോയിൽനിന്നാണു പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്തത്. ബല്ലിയയിലെ വൈശാലിയിൽ നിന്നാണു മറ്റു രണ്ടു പ്രതികളെ പിടികൂടിയത്. ഇതോടെ എട്ടുപ്രതികൾ പോലീസ് പിടിയിലായി. കീഴടങ്ങാനുള്ള നീക്കത്തിനിടെയാണു മുഖ്യപ്രതിയുടെ അറസ്റ്റെന്ന് പ്രത്യേക ദൗത്യസംഘത്തലവൻ അമിതാഭ് യാഷ് പറഞ്ഞു.
വ്യാഴാഴ്ചയാണ് ബാലിയ ദുർജാൻപുരിൽ ജയപ്രകാശ് എന്നയാളെ ധീരേന്ദ്രപ്രതാപും സംഘവും വെടിവച്ചുകൊന്നത്. റേഷൻ കടകൾ അനുവദിക്കുന്നതിലെ തർക്കത്തിനിടെ പോലീസും ഉദ്യോഗസ്ഥരും നോക്കിനിൽക്കെയാണു അരുംകൊല. വെടിവയ്പിനു പിന്നാലെ ഒളിവിൽപോയ പ്രതി, സംഭവത്തിൽ താൻ നിരപരാധിയാണെന്നും പോലീസും പ്രാദേശിക ഭരണകൂടവുമാണ് അഴിമതിക്കാരെന്ന് ആരോപിച്ചുള്ള വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു.
കേസിൽ ഇരുപത്തിയഞ്ചോളം പേരാണു പ്രതിസ്ഥാനത്തുള്ളത്. മുഖ്യപ്രതിയുടെ അറസ്റ്റ് ആശ്വാസമാണെങ്കിലും സമൂഹത്തിൽ ഉന്നതസ്വാധീനം പുലർത്തുന്നയാളാണ് എന്നതിനാൽ ആശങ്കയുണ്ടെന്ന് കൊല്ലപ്പെട്ട ജയപ്രകാശിന്റെ സഹോദരൻ പറഞ്ഞു.