പെരിയ ഇരട്ടക്കൊലക്കേസ്: ഹർജി മാറ്റിവച്ചു
Tuesday, October 27, 2020 12:37 AM IST
ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരേയുള്ള ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. ഹർജിയിൽ സിബിഐയുടെ നിലപാട് തേടിയിരുന്നെങ്കിലും ഇതുവരെ സത്യവാങ്മൂലം സമർപ്പിക്കാത്തതു ചൂണ്ടിക്കാട്ടിയാണു ജസ്റ്റീസ് എൽ. നാഗേശ്വർ റാവു കേസ് പരിഗണിക്കുന്നതു മാറ്റിയത്.
സിബിഐ അന്വേഷണവുമായി മുന്നോട്ടു പോയിട്ടുണ്ടെങ്കിൽ തങ്ങൾ ഇടപെടില്ലെന്നു കോടതി ഇന്നലെയും ആവർത്തിച്ചു. കാസർഗോഡ് പെരിയയിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിയുടെ നടപടിക്കെതിരേ സംസ്ഥാന സർക്കാരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.