പോലീസിന്റെ 114ന് ബദലായി കർഷകരുടെ 288 !
Thursday, December 3, 2020 12:33 AM IST
ന്യൂഡൽഹി: ഡൽഹി-ഹരിയാന അതിർത്തിയായ ഗാസിപ്പൂരിൽ തന്പടിച്ചിരിക്കുന്ന കർഷകരെ നിയന്ത്രിക്കാൻ പോലീസ് 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ കർഷകരല്ലാതെ മറ്റാരും ഇവിടേക്കു കടന്നു വരാതിരിക്കാൻ തങ്ങൾ അതിന്റെ ഇരട്ടി നിയന്ത്രണത്തോടെ "288' പ്രഖ്യാപിക്കുന്നു എന്നാണ് കർഷകർ മറുപടി നൽകിയത്.
തങ്ങളുടെ നിരോധനാജ്ഞ പ്രകാരം പ്രദേശത്ത് കർഷകരല്ലാതെ മറ്റാരെയും പ്രവേശിക്കാൻ അനുവദിക്കുകയില്ല. തങ്ങൾ 288 പ്രഖ്യാപിച്ചത് രാജ്യത്തെ മറ്റൊരു നിയമത്തെയും അപമാനിക്കാനല്ല. ഇത് പ്രതീകാത്കമാണ്. കർഷകരല്ലാതെ മറ്റാരെയും തങ്ങളുടെ സമരത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവ് ചൗധരി രാകേഷ് ടിക്കായത്ത് പറഞ്ഞു.