ഇന്ത്യൻ തേനിൽ "ചൈനീസ് മധുരം'
Friday, December 4, 2020 1:03 AM IST
ന്യൂഡൽഹി: പതഞ്ജലി, ഡാബർ, സന്ദു തുടങ്ങിയ ഇന്ത്യൻ ബ്രാൻഡുകൾ വിൽക്കുന്ന തേൻ മായം ചേർന്നതെന്നു കണ്ടെത്തൽ. ഇതിൽ കൂടുതലും ചൈനീസ് പഞ്ചസാര സിറപ്പ് ചേർത്തുണ്ടാക്കിയവയെന്നും സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോണ്മെന്റ് (സിഎസ്ഇ) വെളിപ്പെടുത്തി. ഈ മായം ചേർക്കൽ ഇന്ത്യയിലെ പരിശോധന ഏജൻസികൾക്ക് കണ്ടുപിടിക്കാൻ ആവാത്തതാണെന്നും സിഎസ്ഇ മേധാവി സുനിതാ നരേയ്ൻ വ്യക്തമാക്കി.
ഇന്ത്യൻ വിപണിയിലുള്ള 13 ബ്രാൻഡുകളിലുള്ള തേനുകളുടെ സാന്പിളുകളാണ് പരിശോധനയ്ക്ക് തെരഞ്ഞെടുത്തത്. ഇവ ഇന്ത്യയിലെയും ജർമനിയിലെയും പരീക്ഷണശാലകളിൽ എൻഎംആർ എന്ന ആണവകാന്തിക (ന്യൂക്ലിയർ മാഗ്നെറ്റിക് റെസണ്സ് സ്പെക്ട്രോസ്കോപ്പി) പരിശോധനയ്ക്കു വിധേയമാക്കി. ഞെട്ടിക്കുന്ന വിവരങ്ങളാണ് പരിശോധനയിൽ തെളിഞ്ഞതെന്ന് സിഎസ്ഇ ഭക്ഷ്യസുരക്ഷാ മായം ചേർക്കൽ വിഭാഗത്തിന്റെ മേധാവി അമിത് ഖുറാന പറഞ്ഞു. ശീതളപാനീയങ്ങളെ കുറിച്ചുള്ള 2003, 2006 വർഷങ്ങളിലെ അന്വേഷണങ്ങളിൽ കണ്ടെത്തിയതിനേക്കാൾ കൂടുതൽ സങ്കീർണമായ തട്ടിപ്പാണിതെന്നും ആരോഗ്യത്തിനു വലിയ തോതിൽ ഹാനികരമാണെന്നും സുനിത ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരിക്കിടെ തേൻ വിൽപ്പനയിൽ വർധനയുണ്ടായിട്ടും തേനീച്ച വളർത്തുന്ന കർഷകർ ദുരിതത്തിലാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. ആദ്യ സാന്പിളുകൾ ഗുജറാത്തിലെ ദേശീയ ക്ഷീരവികസന ബോർഡിനു കീഴിലുള്ള സെന്റർ ഫോർ അനലൈസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്സ്റ്റോക്ക് ആൻഡ് ഫുഡ് പരീക്ഷണശാലയിൽ പരിശോധിച്ചു. മിക്ക സാന്പിളുകളും ഗുണനിലവാരമുള്ളതാണെന്ന് കണ്ടെത്തി. ശർക്കര ചേർത്ത ഏതാനും പ്രാദേശിക സാന്പിളുകൾ മാത്രമാണ് പരാജയപ്പെട്ടത്. എന്നാൽ, ജർമനിയിലെ എൻഎംആർ ലാബിൽ നടത്തിയ അത്യാധുനിക പരിശോധനയിൽ മിക്ക തേനുകളും ചൈനീസ് പഞ്ചസാര സിറപ്പ് ചേർത്തതായി കണ്ടെത്തുകയായിരുന്നു.
ഗോൾഡൻ സിറപ്പ്, ഇൻവേർട്ട് ഷുഗർ, റൈസ് സിറപ്പ് തുടങ്ങിയ പേരുകളിലുള്ള പഞ്ചസാര സിറപ്പ് തേനിൽ ചേർക്കുന്നതിനെതിരേ ഭക്ഷ്യസുരക്ഷാ വിഭാഗം (എഫ്എസ്എസ്എഐ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഫ്രക്ടോസ് എന്ന പേരിലാണ് ഇന്ത്യയിലേക്ക് ചൈനീസ് കന്പനികൾ ഇവ ഇറക്കുമതി ചെയ്യുന്നത്. വ്യവസായ ആവശ്യങ്ങൾക്ക് എന്ന പേരിൽ ഇറക്കുമതി ചെയ്യുന്ന പഞ്ചസാര സിറപ്പാണ് തേനിൽ ചേർക്കുന്നത്. തങ്ങൾ ചൈനീസ് കന്പനികളുമായി നടത്തിയ ഇടപാടിൽ, 50 മുതൽ 80 ശതമാനം വരെ ചേർത്താലും ഇന്ത്യയിലെ പരിശോധന ലാബുകളിൽ കണ്ടുപിടിക്കാത്ത തരം പഞ്ചസാര സിറപ്പുകൾ എത്തിക്കാമെന്നും കസ്റ്റംസിനെ വെട്ടിക്കാൻ പെയിന്റ് പിഗ്മെന്റ് എന്ന പേരിൽ ഇറക്കുമതി ചെയ്യാമെന്നും അവർ ഉറപ്പ് നൽകിയതായും സിഎസ്ഇ അധികൃതർ പറഞ്ഞു. ഈ രീതിയിൽ സിഎസ്ഇ ലാബിൽ നിർമിച്ച വ്യാജതേൻ എഫ്എസ്എസ്എഐയുടെ സി3, സി4 പരിശോധനകളിൽ പിടിക്കപ്പെടില്ല.
എന്നാൽ, തേനിൽ മായം ചേർക്കുന്നുവെന്ന ആരോപണം പതഞ്ജലിയും ഡാബറും സാന്ദുവും നിഷേധിച്ചു. എല്ലാ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് തേൻ വിൽക്കുന്നതെന്നും ഇവർ അവകാശപ്പെട്ടു.
ജിജി ലൂക്കോസ്