ഹൈദരാബാദിൽ ടിആർഎസ് വലിയ ഒറ്റക്കക്ഷി, കരുത്തു തെളിയിച്ച് ബിജെപി
Saturday, December 5, 2020 1:45 AM IST
ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ(ജിഎച്ച്എംസി) തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ടിആർഎസിനു മേൽക്കൈ. 148 വാർഡുകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ ടിആർഎസ് 56 സീറ്റ് നേടി. ബിജെപിക്ക് 47ഉം എഐഎംഐഎമ്മിന് 43ഉം സീറ്റ് ലഭിച്ചു. കോൺഗ്രസ് വെറും രണ്ടു സീറ്റുകളാണു വിജയിച്ചത്. ഹൈദരാബാദിൽ ആകെ 150 വാർഡുകളാണുള്ളത്.
പരന്പരാഗത ശക്തികേന്ദ്രമായ ഓൾഡ് ഹൈദരാബാദിൽ എഐഎംഐഎം സ്വാധീനം നിലനിർത്തി. 51 സീറ്റുകളിൽ മാത്രമാണ് എഐഎംഐഎം മത്സരിച്ചത്. 2016ൽ വെറും നാലു സീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ വൻ മുന്നേറ്റമാണു നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖർ ഹൈദരാബാദിൽ പ്രചാരണത്തിനെത്തിയിരുന്നു.
ടിആർഎസിന് എഐഎംഐഎമ്മിന്റെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പാണ്. മുൻ കൗൺസിലിൽ ടിആർഎസിന് 99 അംഗങ്ങളുണ്ടായിരുന്നു.