പുതിയ പാർലമെന്റ് മന്ദിരത്തിനു പ്രധാനമന്ത്രി 10നു തറക്കല്ലിടും
Sunday, December 6, 2020 1:11 AM IST
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിനു ഡിസംബർ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. നിർമാണത്തിനുള്ള ഭൂമിപൂജ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു. ഭൂമി പൂജ ചടങ്ങിനായി ഓം ബിർള ഇന്നലെ മോദിയുടെ വസതിയിലെത്തി ഔദ്യോഗികമായി ക്ഷണിച്ചു.
861.90 കോടി രൂപ ചെലവഴിച്ചാണു പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുക. ഇരുപത്തിയൊന്നു മാസം കൊണ്ടു നിർമാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ടാറ്റ പ്രോജക്ടി നാണ് നിർമാണ കരാർ. നിലവിലെ പാർലമെന്റ് മന്ദിരത്തോടു ചേർന്നു തന്നെയായിരിക്കും പുതിയ കെട്ടിടം.
എല്ലാ എംപിമാർക്കും പ്രത്യേകം ഓഫീസ് പുതിയ മന്ദിരത്തിലുണ്ടാവും. കടലാസ് രഹിത പാർലമെന്റ് എന്ന ലക്ഷ്യത്തോടെ ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കും.
വിശാലമായ കോണ്‍സ്റ്റിറ്റ്യൂഷൻ ഹാൾ, അംഗങ്ങൾക്കു വേണ്ടി ലോഞ്ച്, ലൈബ്രറി, വിവിധ സമിതികൾക്കായുള്ള മുറികൾ, ഡൈനിംഗ് ഹാളുകൾ, പാർക്കിംഗ് സൗകര്യം എന്നിവ പുതിയ മന്ദിരത്തിൽ സജ്ജമാക്കും.