സുപ്രീംകോടതിയുടെ രോഷം ജനവികാരം പ്രതിഫലിപ്പിക്കുന്നു: കെ.സി. വേണുഗോപാൽ
Wednesday, January 13, 2021 12:21 AM IST
ന്യൂഡൽഹി: കർഷകസമരത്തെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്ത രീതിയിൽ സുപ്രീംകോടതി പ്രകടിപ്പിച്ച രോഷവും അതൃപ്തിയും രാജ്യത്തെ ജനവികാരം പ്രതിഫലിപ്പിക്കുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
കർഷക സമരം പരിഹരിക്കാൻ കോടതി നിയോഗിച്ച നാലംഗ സമിതിയിൽ ഉൾപ്പെട്ടവർ ബില്ലിനെ അനുകൂലിച്ചു നേരത്തേതന്നെ നിലപാടു സ്വീകരിച്ചിട്ടുള്ളവരാണെന്നും ഇവർ ഏതു സാഹചര്യത്തിലാണ് സമരം പരിഹരിക്കാനുള്ള ഈ സമിതിയിൽ ഇടംപിടിച്ചതെന്നു മനസിലാകുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു. ഇവരുടെ പേരുകൾ കേന്ദ്രസർക്കാർ നിർദേശിച്ചതാണോ അതോ കോടതി തന്നെ കണ്ടെത്തിയതാണോ എന്നു വ്യക്തമാകേണ്ടതുണ്ട്.
മന്ത്രിമാരുമായി നടത്തിയചർച്ചയിൽ തീരുമാനമാകാത്ത പ്രശ്നങ്ങൾ ഉദ്യോഗസ്ഥ-വിദഗ്ധ സമിതിക്കു പരിഹരിക്കാനാകുമെന്നു പറയുന്നതിൽ യുക്തിയില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.