ഇലക്ട്രോണിക് തിരിച്ചറിയൽ കാർഡുകൾ ഇന്നു മുതൽ
Monday, January 25, 2021 12:21 AM IST
ന്യൂഡൽഹി: രാജ്യത്ത് വോട്ടർമാർക്ക് തെരഞ്ഞെടുപ്പു കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ ഇലക്ട്രോണിക് പതിപ്പ് ഇന്നുമുതൽ ലഭ്യമാകും. ഇ-എപിക് എന്ന പേരിലുള്ള കാർഡിന്റെ വിതരണോദ്ഘാടനം കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ഇന്നു നിർവഹിക്കുമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
മൊബൈൽ ഫോണുകളിലും പഴ്സണൽ കംപ്യൂട്ടറുകളിലും ഡൗൺലോഡ് ചെയ്യാൻ സൗകര്യമുള്ള തരത്തിലാണ് ഇ-എപിക് രൂപകല്പന ചെയ്തിരിക്കുന്നത്. ക്യു ആർ കോഡ് ഉൾപ്പെടെ സാങ്കേതിക സംവിധാനങ്ങളിലൂടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. എഡിറ്റ് ചെയ്യാൻ കഴിയാത്ത തരത്തിൽ ഡിജിറ്റൽ രൂപത്തിലുള്ള കാർഡ് ഡിജിറ്റൽലോക്കറിൽ സേവ് ചെയ്യാം. പിഡിഎഫ് രൂപത്തിലാക്കി പ്രിന്റ് എടുക്കാനും കഴിയും. വോട്ടേഴ്സ് കാർഡിനായി പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് ഇപ്പോൾ ലഭിക്കുന്നതുപോലുള്ള കാർഡിനൊപ്പം ഇലക്ട്രോണിക് കാർഡും ലഭിക്കും. സാധാരണ കാർഡുകൾ വോട്ടർമാരുടെ കൈവശമെത്താൻ കാലതാമസമെടുക്കും എന്നതിനാലാണു ഡിജിറ്റൽ പതിപ്പും അവതരിപ്പിച്ചിരിക്കുന്നത്.