വാക്സിനെതിരേ വ്യാജപ്രചാരണം നടത്തുന്നവർ കുടുങ്ങും
Tuesday, January 26, 2021 12:34 AM IST
ന്യൂഡൽഹി: കോവിഡ്-19 പ്രതിരോധ വാക്സിൻ കുത്തിവയ്പിനെതിരേ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി. ഇത്തരം പോസ്റ്റുകൾ സൃഷ്ടിക്കുന്നതും കൈമാറുന്നതും കുറ്റകരമാണെന്നും നിയമനടപടിയുണ്ടാവുമെന്നും കേന്ദ്രസർക്കാർ.
വ്യാജപ്രചാരണങ്ങൾ ശ്രദ്ധയിൽപെട്ടാൽ അതതു സംസ്ഥാനങ്ങൾക്കു നടപടി സ്വീകരിക്കാമെന്ന് ചീഫ് സെക്രട്ടറിമാർക്കു നല്കിയ സന്ദേശത്തിൽ കേന്ദ്ര സെക്രട്ടറി അജയ് ബല്ല അറിയിച്ചു. വാക്സിൻ സ്വീകരിക്കുന്നതിൽനിന്നു ജനങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ഇത്തരം പ്രചാരണങ്ങൾ ഇടയാക്കുമെന്നതിനാൽ അടിയന്തര ശ്രദ്ധ പതിയേണ്ടതാണെന്നും ചീഫ് സെക്രട്ടറിമാർക്കു നല്കിയ സന്ദേശത്തിൽ പറയുന്നു.