ഇന്ധനവില: യോജിച്ചു പരിഹാരം കാണണമെന്ന് നിർമല സീതാരാമൻ
Sunday, February 21, 2021 12:08 AM IST
ചെന്നൈ: ഇന്ധന വില യുക്തിസഹമായ നിരക്കിലെത്തിക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരുകളും യോജിച്ചു പരിഹാരം കാണണമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
ഒരു ലിറ്റർ പെട്രോളിന്റെ വിലയിലെ 60 ശതമാനത്തോളം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതിയാണ്. ഡീസൽ വിലയിൽ 56 ശതമാനമാണ് ഇത്തരത്തിൽ നികുതിയായി സ്വീകരിക്കുന്നത്. കേന്ദ്രത്തിനു മാത്രമായി പരിഹാരം അസാധ്യമാണ്. ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ സന്നദ്ധമാണ്. ഇതിനു സംസ്ഥാനങ്ങളും സമ്മതിക്കണം.
പ്രശ്നത്തിൽ ചർച്ചയ്ക്കു തയാറാണെന്നും മന്ത്രി വ്യക്തമാക്കി. ജിഎസ്ടി പരിധിയിൽ കൊണ്ടുവന്നാൽ രാജ്യമൊട്ടാകെ ഒറ്റ വിലയാകും. കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാനും കഴിയും. വിലവർധന സങ്കടകരമായ കാര്യമാണ്.
എന്നാൽ ഞാനൊരു കേന്ദ്രമന്ത്രി മാത്രമാണെന്നും ഒറ്റയ്ക്കൊന്നും ചെയ്യാനാവില്ലെന്നും പറഞ്ഞ അവർ, നികുതിയിളവ് സംബന്ധിച്ച വാഗ്ദാനങ്ങൾക്കും മുതിർന്നില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും ചില സ്ഥലങ്ങളിൽ പെട്രോളിനു ലിറ്ററിനു നൂറുരൂപയ്ക്കു മുകളിലെത്തിയിരിക്കുകയാണിപ്പോൾ.