ഇപിഎഫ് പെൻഷൻ കേസ്: മാർച്ച് 23 മുതൽ പ്രതിദിന വാദം
Friday, February 26, 2021 12:56 AM IST
ന്യൂഡൽഹി: ഇപിഎഫ് പെൻഷനുമായി ബന്ധപ്പെട്ട കേസിൽ മാർച്ച് 23 മുതൽ പ്രതിദിന വാദം കേൾക്കുമെന്ന് സുപ്രീംകോടതി. കേസ് നീട്ടി വയ്ക്കരുതെന്ന് എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ അഭ്യർഥന കണക്കിലെടുത്താണു കേരള ഹൈക്കോടതി വിധിക്കെതിരേ നൽകിയ അപ്പീലിൽ സുപ്രീംകോടതി ഇന്നലെ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചത്.
കേസ് ഇനി മാറ്റി വയ്ക്കില്ലെന്നു ജസ്റ്റീസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു. അതിനിടെ ഇപിഎഫ് പെൻഷനുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതികൾ പരിഗണിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ഉയർന്ന പെൻഷൻ നൽകാൻ ഇടയാക്കുന്ന കേരള ഹൈക്കോടതി വിധിക്കെതിരേയാണ് ഇപിഎഫ്ഒ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. കേരള ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യുന്നതിനുള്ള അപേക്ഷയും നൽകിയിട്ടുള്ളതിനാൽ കേസ് ഇനിയും നീട്ടി വയ്ക്കരുതെന്നും അഭ്യർഥിച്ചിരുന്നു. ഇതു സംബന്ധിച്ച് ഹൈക്കോടതി വിധി ശരിവച്ചു കൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി കഴിഞ്ഞ മാസം പിൻവലിച്ചിരുന്നു. എന്നാൽ, ഇപിഎഫ്ഒയുടെ ഇപ്പോഴത്തെ ആവശ്യത്തിന് അനുകൂലമായി സുപ്രീംകോടതി വന്നാൽ ഹൈക്കോടതിയുടെ ഇതു സംബന്ധിച്ച വിധി അനുസരിച്ചു നൽകേണ്ടി വരുന്ന ഉയർന്ന പെൻഷൻ തുക അൻപതു ശതമാനം വരെ വർധിക്കുമെന്നും അങ്ങനെ വന്നാൽ ആ തുക തിരികെ പിടിക്കാൻ സാധിക്കില്ലെന്നുമാണ് ഇപിഎഫ്ഒ ചൂണ്ടിക്കാട്ടുന്നത്.
ഹൈക്കോടതി വിധി അനുസരിച്ച് മുഴുവൻ ശന്പളത്തിനും ആനുപാതികമായി ഉയർന്ന പെൻഷൻ ഇപിഎഫ്ഒ നൽകേണ്ടി വരും. ഇതിന് വഴിതെളിച്ച് കൊണ്ട് 15,000 ശന്പള പരിധി എന്നത് കേരള ഹൈക്കോടതി എടുത്തു കളയുകയായിരുന്നു. കേസിൽ വ്യാഴാഴ്ച തന്നെ വാദം കേൾക്കണമെന്ന് ഇപിഎഫ്ഒ കഴിഞ്ഞ ദിവസം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേസിൽ തടസ ഹർജിക്കാർ തങ്ങളുടെ അഭിഭാഷകന് കോവിഡ് ബാധിച്ചെന്നും അതിനാൽ നാലാഴ്ചത്തേക്ക് മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രിയെ സമീപിച്ചിരുന്നു. ഇതിനെ എതിർത്തു നൽകിയ കത്തിലാണ് കേസ് വ്യാഴാഴ്ച തന്നെ പരിഗണിക്കണമെന്ന് ഇപിഎഫ് കത്തിലൂടെ ആവശ്യപ്പെട്ടത്.