കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകും: യെച്ചൂരി
Sunday, February 28, 2021 12:11 AM IST
ന്യൂഡൽഹി: കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നു തീർച്ചയാണെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എൽഡിഎഫിനെ തകർക്കാൻ ബിജെപിയുമായി കോണ്‍ഗ്രസ് കേരളത്തിൽ കൈകോർക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.
തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബിജെപിയെ പരാജയപ്പെടുത്തുകയാണു സിപിഎമ്മിന്റെ ലക്ഷ്യം. പക്ഷേ, കേരളത്തിൽ ഇടതുമുന്നണിയെ പരാജയപ്പെടുത്താനായി ബിജെപിയുമായി കോണ്‍ഗ്രസ് കൈകോർക്കുന്നത് അപകടകരമാണ്. ബിജെപി കേരളത്തിൽ തകരും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപിയെ തളയ്ക്കാൻ ഇടതുമുന്നണിക്കാണു കഴിഞ്ഞത്. ബിജെപിക്കെതിരേ പോരാടുന്ന കാര്യത്തിൽ കോണ്‍ഗ്രസിനെ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ല.
പശ്ചിമബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിന്റെ അടിച്ചമർത്തൽ ഭരണമാണു ബിജെപിയുടെ വളർച്ചയ്ക്കു വഴിയൊരുക്കുന്നത്. ബംഗാളിൽ രൂപപ്പെടുന്ന ഇടതു മതേതര സഖ്യം തൃണമൂലിനെയും ബിജെപിയെയും പരാജയപ്പെടുത്തും. ബംഗാളിൽ കോണ്‍ഗ്രസും സിപിഎമ്മും സീറ്റുവിഭജന ചർച്ച ഉടനെ പൂർത്തിയാക്കും.
ഇടതു പാർട്ടികളെ ആർക്കും എഴുതിത്തള്ളാനാകില്ലെന്നാണു കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു കിട്ടിയ വിജയം സൂചിപ്പിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്താൻ ഇടതുപാർട്ടികൾക്കേ കഴിയുകയുള്ളൂവെന്നും യെച്ചൂരി പറഞ്ഞു.