കുംഭമേളയ്ക്കെത്തിയ 1701 പേർക്കു കോവിഡ്
Friday, April 16, 2021 1:41 AM IST
ന്യൂഡൽഹി: ഹരിദ്വാറിൽ കുംഭമേളയ്ക്കെത്തിയവരിൽ 1701 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ പത്തു മുതൽ 14 വരെയുള്ള കണക്കാണിത്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് കുംഭമേളയ്ക്കെത്തുന്നവർ ഷാഹി സ്നാനിൽ പങ്കെടുക്കുന്നതെന്നു വ്യാപകമായി പരാതി ഉയരുന്നതിനിടെയാണ് ഇത്രയധികം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ കുംഭമേള അവസാനിപ്പിച്ചേക്കുമെന്ന വാർത്തകൾ തള്ളിയ അധികൃതർ, മേള ഏപ്രിൽ 30 വരെ തുടരുമെന്ന് അറിയിച്ചു.
ഹരിദ്വാർ, തെഹ്രി, ഡെറാഡൂണ്‍ ജില്ലകളിലായി 670 ഹെക്ടർ സ്ഥലത്താണ് കുംഭമേള നടക്കുന്നത്. ഏപ്രിൽ 12നും 14നും ഇടയിൽ ഏകദേശം 48.51 ലക്ഷം പേർ ഷാഹി സ്നാനിൽ പങ്കെടുത്തെന്നാണ് കണക്കുകൾ. ഇതിൽ ഒരു വിഭാഗം ആളുകളിലാണ് ആർടി-പിസിആർ, ആന്റിജൻ പരിശോധന നടത്തിയത്. ആവർത്തിച്ചുള്ള നിർദേശങ്ങൾ മറികടന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മിക്കവരും ചടങ്ങുകളിൽ പങ്കെടുക്കുന്നതെന്നും കോവിഡ് വ്യാപനം വലിയ തോതിൽ ഉണ്ടാകാനിടയുണ്ടെന്നും ഹരിദ്വാർ ചീഫ് മെഡിക്കൽ ഓഫീസർ ശംഭുകുമാർ ഝാ പറഞ്ഞു.