ബംഗാളിൽ അഞ്ചാം ഘട്ടം വോട്ടെടുപ്പ് ഇന്ന്
Saturday, April 17, 2021 12:53 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ അഞ്ചാം ഘട്ടം വോട്ടെടുപ്പ് ഇന്നു നടക്കും. 45 മണ്ഡലങ്ങളാണ് ഇന്നു വിധിയെഴുതുക. 342 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്.
നാലാം ഘട്ടം വോട്ടെടുപ്പിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 853 കന്പനി കേന്ദ്രസേനയെയാണ് വിവിധ മണ്ഡലങ്ങളിൽ വിന്യസിച്ചിട്ടുള്ളത്. സിലിഗുഡി മേയറും പ്രമുഖ ഇടതുപക്ഷ നേതാവുമായ അശോക് ഭട്ടാചാര്യ, മന്ത്രിമാരായ ഗൗതം ദേബ്, ബ്രത്യ ബസു, ബിജെപിയിലെ സമിക് ഭട്ടാചാര്യ എന്നിവർ ഇന്നു ജനവിധി തേടുന്ന പ്രമുഖരാണ്. ഇന്നു തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ 32 എണ്ണം 2016ൽ തൃണമൂൽ കോൺഗ്രസ് നേടിയതാണ്.
ഇന്നത്തെ വോട്ടെടുപ്പോടെ ബംഗാളിൽ 180 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൂർണമാകും.