ഡിആർഡിഒ വികസിപ്പിച്ച മരുന്ന് 11 മുതൽ
Monday, May 10, 2021 12:44 AM IST
ന്യൂഡൽഹി: ഡിആർഡിഒ വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് മേയ് 11 മുതൽ അടിയന്തര ഉപയോഗത്തിനു വിതരണം ചെയ്യുമെന്നും ഡിആർഡിഒ മേധാവി ഡി. സതീഷ് റെഡ്ഢി. ഇന്ത്യാ ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ളത്തിൽ അലിയിച്ചു കഴിക്കുന്ന പൗഡർ രൂപത്തിലുള്ള മരുന്നാണു ഡിആർഡിഒ വികസിപ്പിച്ചത്.
കൊറോണ വൈറസിനെ ചെറുക്കുന്നതിനു ഫലപ്രദമാണു മരുന്ന് എന്ന് സതീഷ് റെഡ്ഢി പറഞ്ഞു. കോവിഡ് രോഗലക്ഷണങ്ങൾ ഇല്ലാതാക്കാനും ശരീരത്തിലുള്ള വൈറസിന്റെ വളർച്ച തടയാൻ മരുന്നിനു കഴിയും. ഗുരുതര, ഇടത്തരം രോഗബാധിതർക്ക് അതിവേഗം സൗഖ്യം നല്കാനും ഓക്സിജൻ ലെവൽ ഉയർത്താനും മരുന്നു ഫലപ്രദമാണ്.
ഡിആർഡിഒ വികസിപ്പിച്ച മരുന്ന് അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിന്് ഡ്രഗ്സ് കൺട്രോളർ ജനറൽ(ഡിസിജിഐ) മേയ് ഒന്നിന് അനുമതി നല്കിയിരുന്നു. 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ്(2-ഡിജി) എന്നാണു മരുന്നിന്റെ പേര്.
ഡിആർഡിഒയുടെ കീഴിലുള്ള ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് ഗവേഷണ ലാബ് ഹൈദരാബാദിലെ ഡോ. റെഡ്ഢീസ് ലബോറട്ടറീസ് കന്പനിയുമായി ചേർന്നാണു മരുന്നു വികസിപ്പിച്ചത്.