മതപരമായ അസഹിഷ്ണുത മതേതര രാജ്യത്തിനു ഭൂഷണമല്ലെന്നു മദ്രാസ് ഹൈക്കോടതി
Tuesday, May 11, 2021 12:40 AM IST
ചെന്നൈ: മതപരമായ അസഹിഷ്ണുത മതേതര രാജ്യത്തിനു ഭൂഷണമല്ലെന്നു മദ്രാസ് ഹൈക്കോടതി. ഒരു മതവിഭാഗത്തിന്റെ എതിർപ്പിനെതിരേ മറുവിഭാഗം പ്രതികരിച്ചാൽ കലാപത്തിനു കാരണമാകുമെന്നു ജസ്റ്റീസുമാരായ എൻ. കിരുബാകരൻ, പി. വേൽമുരുകൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. തമിഴ്നാട്ടിലെ പെരുന്പലൂർ ജില്ലയിലെ കളത്തൂരിൽ ക്ഷേത്ര ഘോഷയാത്ര നടത്തുന്നതു മുസ്ലിം വിഭാഗം എതിർക്കുന്ന കേസിലാണു കോടതിയുടെ നിരീക്ഷണമുണ്ടായത്. ഘോഷയാത്ര നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
2011 വരെ മൂന്നു ദിവസത്തെ ഉത്സവം സമാധാനപരമായി നടന്നുവന്നിരുന്നതാണ്. ഗ്രാമത്തിലെ എല്ലാ തെരുവുകളിലൂടെയും ഘോഷയാത്ര നടന്നിരുന്നു. 2012 മുതൽ മുസ്ലിം വിഭാഗം ഘോഷയാത്രയെ എതിർത്തു രംഗത്തുവന്നു. ഹിന്ദു ഉത്സവം പാപമാണെന്നായിരുന്നു മുസ്ലിം വിഭാഗം വിശേഷിപ്പിച്ചത്. ആചാരാനുഷ്ഠാനങ്ങളും ഘോഷയാത്രകളും നടത്താൻ സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ട് ഹിന്ദുവിഭാഗം പോലീസിനെ സമീപിച്ചിരുന്നു.
തുടർന്ന് പോലീസ് സംരക്ഷണം ഉറപ്പാക്കിയിരുന്നു. ഇതേക്കുറിച്ചുള്ള കേസാണു മദ്രാസ് ഹൈക്കോടതിയിലെത്തിയത്. ഒരു പ്രദേശത്ത് ഒരു പ്രത്യേക വിഭാഗത്തിനു ഭൂരിപക്ഷമുണ്ടെന്നു കരുതി മറ്റു വിഭാഗം മതപരമായ ആഘോഷം നടത്തുന്നതു തടയാനാവില്ലെന്നു കോടതി വ്യക്തമാക്കി.