കേരളത്തിലെ കോൺഗ്രസിന്റെ തോല്‍വി: റിപ്പോർട്ടുകൾ അവതരിപ്പിച്ചു
Tuesday, May 11, 2021 12:40 AM IST
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേരിട്ട പരാജയം ചർച്ച ചെയ്യാൻ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തില്ല. സോണിയയുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ എ.കെ. ആന്റണി, മല്ലികാർജുൻ ഖാർഗെ, ഗുലാം നബി ആസാദ് തുടങ്ങിയവർ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായ താരീഖ് അൻവർ- കേരളം, ജീതേന്ദർ സിംഗ്- ആസാം, ദിനേഷ് ഗുണ്ടുറാവു- തമിഴ്നാട്, പുതുച്ചേരി, ജിതിൻ പ്രസാദ- പശ്ചിമ ബംഗാൾ എന്നിവർ തോൽവിയെക്കുറിച്ചുള്ള അവരുടെ റിപ്പോർട്ടുകൾ പ്രവർത്തക സമിതിയിൽ അവതരിപ്പിച്ചു. ജൂണ്‍ 23നു തന്നെ കോണ്‍ഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പു നടത്തണമെന്നും ഇനി നീട്ടിവയ്ക്കരുതെന്നും സോണിയ അഭ്യർഥിച്ചു.
എന്നാൽ, രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഏതാനും മാസം കൂടി തെരഞ്ഞെടുപ്പു നീട്ടിവയ്ക്കണമെന്ന് ആന്റണി, ഗുലാം നബി അടക്കമുള്ളവർ നിർദേശിച്ചു. ഭൂരിപക്ഷം അംഗങ്ങളും യോജിച്ചു. തെരഞ്ഞെടുപ്പ് അനന്തമായി നീട്ടുകയല്ലെന്നും രണ്ടോ മൂന്നോ മാസത്തേക്കു മാറ്റിവയ്ക്കുകയാണെന്നും വേണുഗോപാലും സുർജേവാലയും വിശദീകരിച്ചു.
കോണ്‍ഗ്രസിന് സജീവവും ഫലവത്തുമായ ദൃശ്യമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി, ആനന്ദ് ശർമ, ശശി തരൂർ, കപിൽ സിബൽ, പി.ജെ. കുര്യൻ, മനീഷ് തിവാരി തുടങ്ങി 23 പേർ (ജി-23) കഴിഞ്ഞ വർഷം ഓഗസ്റ്റ് 23നാണു സോണിയ ഗാന്ധിക്കു രേഖാമൂലം കത്തു നൽകിയത്.
സംഘടനാ തെരഞ്ഞെടുപ്പും പാർട്ടിയിലെ അധികാരവികേന്ദ്രീകരണവും അടക്കം ഇവർ ഉയർത്തിയ പ്രശ്നങ്ങൾ പരിഹാരമില്ലാതെ നീളുകയാണ്.