സെൻട്രൽ വിസ്ത പണി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണെന്നു കേന്ദ്രം
Wednesday, May 12, 2021 1:25 AM IST
ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിക്കു വേണ്ടി പണിയെടുക്കുന്ന തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്തു തന്നെയാണ് തങ്ങുന്നതെന്നും കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെ ന്നും കേന്ദ്രസർക്കാർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന ഹർജി വാദം കേൾക്കാനായി ഡൽഹി ഹൈക്കോടതി ഇന്നത്തേക്കു മാറ്റിവച്ചു. ചീഫ് ജസ്റ്റീസ് ഡി.എൻ പട്ടേൽ, ജസ്റ്റീസ് ജസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
നിർമാണ സ്ഥലത്ത് തന്നെ തങ്ങാൻ താത്പര്യം പ്രകടിപ്പിച്ച 250 തൊഴിലാളികൾക്കു വേണ്ടിയാണ് സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ശക്തമായ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ടുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളതെന്നും സർക്കാർ കൂട്ടിച്ചേർത്തു.
പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹർജിയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. നിയമനടപടിയുടെ ദുരുപയോഗമാണെന്ന കാരണത്താൽ മാതൃകാപരമായ പിഴയീടാക്കി ഹർജി തള്ളണമെന്നും മേത്ത ആവശ്യപ്പെട്ടു.