ഒഎൻവി പുരസ്കാരം വേണ്ടെന്ന് വൈരമുത്തു
Sunday, May 30, 2021 12:29 AM IST
ചെന്നൈ: കവി. ഒ.എൻ.വി. കുറുപ്പിന്റെ പേരിലുള്ള ഒഎൻവി സാഹിത്യ പുരസ്കാരം വേണ്ടെന്ന് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. തന്നെ അവാർഡിനു പരിഗണിച്ചതിനു നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വൈരമുത്തുവിന് ഒഎൻവി സാഹിത്യ പുരസ്കാരം നല്കിയതിനെതിരേ വ്യാപക വിമർശനങ്ങളുയർന്നിരുന്നു. മീടൂ ആരോപണവിധേയനാണ് വൈരമുത്തു. പുരസ്കാരമായി പ്രഖ്യാപിച്ച മൂന്നു ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കാൻ വൈരമുത്തു അഭ്യർഥിച്ചു. ഇതുകൂടാതെ തന്റെ വിഹിതമായി രണ്ടു ലക്ഷംരൂപകൂടി നല്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വൈരമുത്തുവിനു പുരസ്കാരം നല്കിയതിൽ നടിമാരായ പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ് എന്നിവരടക്കം നിരവധി പേർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 2003ൽ പദ്മശ്രീയും 2014ൽ പദ്മഭൂഷണും നല്കി രാജ്യം ആദരിച്ച വ്യക്തിയാണു വൈരമുത്തു.