ഉത്തർപ്രദേശ് വ്യാജമദ്യ ദുരന്തം: മരണം 25 ആയി
Monday, May 31, 2021 12:08 AM IST
അലിഗഡ്: അലിഗഡ്- ഹരിയാന അതിർത്തിയിൽനിന്ന് ഇന്നലെ 243 കുപ്പി വ്യാജമദ്യം പിടികൂടിയതിനുപിന്നാലെ അലിഗഡിൽ വ്യാജമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. എന്നാൽ, 35 പേർ മരിച്ചതായി അലിഗഡ് ബിജെപി എംപി സതീഷ് ഗൗതം പറഞ്ഞു.
പലരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പോലും നടത്താതെയാണു സംസ്കരിച്ചതെന്ന് സതീഷ് പറഞ്ഞു. സർക്കാർ ഔട്ട്ലെറ്റുകളിൽനിന്ന് ഒരാഴ്ച മുന്പ് മദ്യം വാങ്ങിയവരാണ് മരിച്ചവരിലേറെയും. ഇന്നലെ മരിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാൻ ആശുപത്രിയിലെത്തിയ മാധ്യമപ്രവർത്തകരെ ആശുപത്രി അധികൃതർ തടഞ്ഞിരുന്നു. ലോധ ബ്ലോക്കിലാണ് വെള്ളിയാഴ്ച ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൃത്യനിർവഹണത്തിൽ അലംഭാവം കാട്ടിയതിനു ലോധ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് അഭയ്കുമാർ ശർമയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രബോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്പോഴും പലരും മദ്യം കഴിച്ചതാണ് മരണസംഖ്യ ഉയരാൻ ഇടയാക്കിയത്. ഇതിനിടെ, തപ്പാൽ ബ്ലോക്കിൽ പോലീസും എക്സ്സൈസും നടത്തിയ റെയ്ഡിൽ ഒരാളെ അനധികൃത മദ്യവുമായി പിടികൂടുകയും നുർപുർ ഗ്രാമത്തിലെ മോനു ശ്രീചന്ദിന്റെ വീട് റെയ്ഡ് ചെയ്ത് 243 മദ്യക്കുപ്പികൾകൂടി കണ്ടെടുക്കുകയുമായിരുന്നു.
വ്യാജമദ്യം നിർമിച്ച അനിൽ ചൗധരി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. ചൗധരിയുടെ കൂട്ടാളികളായ ഋഷി ശർമ, വിപിൻ യാദവ് എന്നിവരെ കണ്ടെത്തുന്നവർക്ക് പോലീസ് 50,000 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം നല്കാൻ കളർക്ടർ ഉത്തരവിട്ടു.