കോവിഡ് പരിശോധന വേഗത്തിലാക്കാൻ സലൈൻ ഗാർഗിൾ ആർടിപിസിആർ പരിശോധന
Monday, May 31, 2021 12:08 AM IST
ന്യൂഡൽഹി: കോവിഡ് പരിശോധന വേഗത്തിലാക്കാൻ വികസിപ്പിച്ച സലൈൻ ഗാർഗിൾ ആർടിപിസിആർ പരിശോധനയ്ക്ക് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ അനുമതി. കൗണ്‍സിൽ ഓഫ് സയന്റിഫിക് റിസർച്ചിന്റെ (സിഎസ്ഐആർ) കീഴിൽ നാഗ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ എൻവയോണ്‍മെന്റൽ എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്. മൂന്നു മണിക്കൂറിനകം പരിശോധനാഫലം അറിയാം എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിലെ ആർടിപിസിആർ പരിശോധന രീതിക്ക് കൂടുതൽ സമയമെടുക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.
സലൈൻ ലായനി നിറച്ച കലക്ഷൻ ട്യൂബാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ സലൈൻ ലായനി തൊണ്ടയിലൊഴിച്ച് കുലുക്കുഴിഞ്ഞശേഷം ശേഷം ഇതേ ട്യൂബിലേക്കു തന്നെ ശേഖരിക്കും. തുടർന്ന് ട്യൂബ് ലാബിലെത്തിച്ചു സാധാരണ താപനിലയിൽ, എൻഇഇആർഐ തയാറാക്കിയ പ്രത്യേക ലായനിയിൽ സൂക്ഷിക്കും. ഇത്തരത്തിൽ അരമണിക്കൂർ സൂക്ഷിച്ചശേഷം ആറുമിനിറ്റ് നേരം 98 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കും. ഈ പ്രക്രിയയിലൂടെ വേർതിരിച്ചെടുക്കുന്ന ആർഎൻഎയാണ് ആർടി- പിസിആർ പരിശോധനയ്ക്ക് അയക്കുന്നത്.
നിലവിൽ സ്രവ സാംപിൾ ശേഖരിച്ചു പരിശോധന നടത്തുന്നതിനേക്കാൾ എളുപ്പവും ചെലവു കുറഞ്ഞതും പെട്ടെന്നു തന്നെ ഫലം ലഭിക്കുന്നതുമാണു പുതിയ രീതിയെന്ന് എൻഇഇആർഐയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. കൃഷ്ണ ഖയിർനാർ പറഞ്ഞു. രോഗികൾക്കു ബുദ്ധിമുട്ടില്ലാതെ നേരിട്ടു തന്നെ സാംപിൾ ശേഖരിക്കാൻ കഴിയും. മൂന്നു മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം അറിയാമെന്നും ഡോ. കൃഷ്ണ പറഞ്ഞു.