ദിഗ്വിജയ് സിംഗിന്റെ കാഷ്മീർ പരാമർശത്തില്‍ വിവാദം
Sunday, June 13, 2021 12:59 AM IST
ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ജമ്മു കാഷ്മീരിനു പ്രത്യേക ഭരണഘടനാ പദവി നല്കിയ 370-ാം അനുച്ഛേദം റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്റെ ക്ലബ്ബ് ഹൗസിലെ ചർച്ചയിലെ പരാമർശത്തിൽ വിവാദം കത്തുന്നു.
കാഷ്മീരിന്റെ പദവി റദ്ദാക്കിയപ്പോൾ അവിടെ ജനാധിപത്യമില്ലായിരുന്നു. എല്ലാവരെയും തടവിലാക്കി. കാഷ്മീരിനെ തകർക്കാനാണു മോദി ശ്രമിച്ചതെന്നു മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായ ദിഗ്വിജയ് സിംഗ് പറഞ്ഞു. പാക് മാധ്യമപ്രവർത്തകൻ ഉൾപ്പെടെ നിരവധിപ്പേർ ചർച്ചയിൽ പങ്കെടുത്തിരുന്നു. മോദി സർക്കാർ പോയാൽ എന്താണു നടപടി എന്നായിരുന്നു ചർച്ചയുടെ പ്രധാന വിഷയം.
അതേസമയം, ദിഗ്വിജയ്സിംഗിന്റെ പരാമർശത്തിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നു ബിജെപി വക്താവ് സംബിത് പത്ര ആവശ്യപ്പെട്ടു. പദവി പിൻവലിക്കുമെന്നും പരിഗണിക്കുമെന്നും പറയുന്നതിലെ വ്യത്യാസം വിവരദോഷികൾക്ക് തിരിച്ചറിയാൻ കഴിയാത്തതാണ് അവരുടെ പ്രശ്നമെന്നായിരുന്നു ഇതേക്കുറിച്ച് ദിഗ്വിജയ് സിംഗിന്റെ മറുപടി.
കോൺഗ്രസ് നേതാക്കളെല്ലാം പാക്കിസ്ഥാന്റെ ഭാഷയിൽ സംസാരിക്കുന്നുവെന്നു കേന്ദ്രമന്ത്രി കിരിൺ റിജിജു പറഞ്ഞു. കാഷ്മീർ പിടിച്ചെടുക്കാൻ പാക്കിസ്ഥാനെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് കിഷോർ ആരോപിച്ചു.