മേഘാലയ ഖനിയിൽനിന്ന് ഒരു മൃതദേഹം ലഭിച്ചു
Thursday, June 17, 2021 12:51 AM IST
ഷില്ലോംഗ്: കിഴക്കൻ മേഘാലയിലെ ജയന്തിയ ഹില്ലിൽ കൽക്കരി ഖനിയിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം പുറത്തെത്തിച്ചു. നാവികസേനയും എൻഡിആർഎഫും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിൽ 152 അടി താഴ്ചയിൽനിന്നാണ് മൃതദേഹം ലഭിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
ഖനിക്കുള്ളിൽ രണ്ടു വസ്തുക്കളാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയെതെങ്കിലും കാഴ്ച പരിമിതിമൂലം ഒരെണ്ണം മാത്രമാണ് പുറത്തെത്തിക്കാനായത്.
ഖനനത്തിനായി നടത്തിയ ഡൈനാമിറ്റ് സ്ഫോടനത്തെത്തുടർന്ന് ഖനിയിൽ വെള്ളപ്പൊക്കമുണ്ടാവുകയായിരുന്നു. ഇതിൽ നാല് തൊഴിലാളികൾ കുടങ്ങി. ആറു പേർ രക്ഷപ്പെട്ടു. പ്രായപൂർത്തിയാകാത്തവരാണ് തൊഴിലാളികളെന്ന് പോലീസ് അറിയിച്ചു. ഖനിയുടെ ഉടമ ഷിനിംഗ് ലാംഗ്സ്റ്റനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2019 ൽ പ്രദേശത്തുണ്ടായ ഖനിയപകടത്തിൽ 15 പേരാണ് മരിച്ചത്. റാറ്റ് ഹോൾ (എലി മട ഖനി) ഖനിയുടെ പ്രവർത്തനം ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചതാണെങ്കിലും മേഘാലയ, ത്രിപുര, ആസാം അതിർത്തികളിൽ ഇത്തരം ഖനികൾ പ്രവർത്തിക്കുന്നുണ്ട്.