ഡൽഹി കലാപക്കേസ്: വിദ്യാർഥി നേതാക്കൾക്ക് സുപ്രീംകോടതി നോട്ടീസ്
Saturday, June 19, 2021 12:34 AM IST
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിദ്യാർഥി നേതാക്കൾക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഡൽഹി പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം, ജാമ്യാപേക്ഷ പരിഗണിച്ച് യുഎപിഎ നിയമം വ്യാഖ്യാനിച്ച ഹൈക്കോടതി നടപടിയിൽ അദ്ഭുതം പ്രകടിപ്പിച്ച സുപ്രീംകോടതി, ഹൈക്കോടതിയുടെ ഉത്തരവ് രാജ്യത്തെ ഒരു കോടതിയിലും കീഴ്വഴക്കമാകരുതെന്നും നിർദേശിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നതാഷ നർവാൾ, ദേവാംഗന കാലിത, ആസിഫ് ഇക്ബാൽ തൻഹ എന്നിവർക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. മറുപടി സത്യവാങ്മൂലം നൽകാൻ നാലാഴ്ചത്തെ സമയം അനുവദിച്ചു.