മന്ത്രിയുടെ പ്രസ്താവന പേപ്പർ തട്ടിയെടുത്തു കീറിയെറിഞ്ഞ തൃണമൂൽ എംപിക്ക് സസ്പെൻഷൻ
Saturday, July 24, 2021 1:40 AM IST
ന്യൂഡൽഹി: രാജ്യസഭയിൽ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ കൈയിൽനിന്ന് പ്രസ്താവന തട്ടിയെടുത്തു കീറിയെറിഞ്ഞ തൃണമൂൽ കോണ്ഗ്രസ് എംപി ശാന്തനു സെന്നിനെ സസ്പെൻഡ് ചെയ്തു.
പെഗാസസ് വിഷയത്തിൽ വിശദീകരണം നൽകുന്നതിനിടെയാണ് ശാന്തനു മന്ത്രിയുടെ കൈയിൽ നിന്ന് കടലാസ് തട്ടിയെടുത്തു വലിച്ചുകീറിയെറിഞ്ഞത്. കേന്ദ്ര പാർലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി. മുരളീധരനാണ് ശാന്തനുവിനെ സസ്പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്.
തൊട്ടുപിന്നാലെ തൃണമൂൽ എംപിയെ വർഷകാല സമ്മേളനത്തിൽനിന്നു സസ്പെൻഡ് ചെയ്തതായി രാജ്യസഭാ അധ്യക്ഷൻ എം. വെങ്കയ്യ നായിഡു അറിയിച്ചു.