കിസാൻ പാർലമെന്റിൽ ‘കൃഷി മന്ത്രി’ രാജിവച്ചു
Sunday, July 25, 2021 12:41 AM IST
ന്യൂഡൽഹി: കർഷകസമരത്തിന്റെ ഭാഗമായി ഡൽഹി ജന്തർമന്ദറിൽ ആരംഭിച്ച കിസാൻ പാർലമെന്റിന്റെ രണ്ടാം ദിവസം തന്നെ കൃഷി മന്ത്രി രാജി വച്ചു. പാർലമെന്റ് സമ്മേളനത്തിന്റെ അതേ മാതൃകയിൽ തന്നെ നടക്കുന്ന പ്രതിഷേധത്തിൽ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും മന്ത്രിമാരുമൊക്കെയുണ്ട്. അതിനിടെയാണു കർഷകരുടെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതെ വന്നപ്പോൾ കിസാൻ പാർലമെന്റിലെ കൃഷിമന്ത്രി രാജിവച്ചത്.
ഭാരതീയ കിസാൻ യൂണിയന്റെ നേതാവ് രണ്വീൻ സിംഗ് ബ്രാർ ആയിരുന്നു കിസാൻ പാർലമെന്റിൽ കേന്ദ്ര കൃഷിമന്ത്രി ആയി ഇരുന്നത്. ഒറ്റ ദിവസം മാത്രമേ മന്ത്രിയായി ഇരിക്കാൻ കഴിഞ്ഞുള്ളൂ. കർഷകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഒന്നുംതന്നെ മറുപടി നൽകാനായില്ല. അവരുടെ കണ്ണുകളിൽ പോലും നോക്കാൻ കഴിയുന്നില്ല. അതിനാൽ രണ്ടാം ദിവസം താൻ രാജിവയ്ക്കുകയായിരുന്നു എന്നാണ് കിസാൻ പാർലമെന്റിലെ കൃഷിമന്ത്രി പറഞ്ഞത്. മാത്രമല്ല കേന്ദ്രസർക്കാർ 2020ൽ അവതരിപ്പിച്ച കാർഷിക മണ്ഡികൾ സംബന്ധിച്ച നിയമം കിസാൻ പാർലമെന്റ് വെള്ളിയാഴ്ച പിൻവലിക്കുകയും ചെയ്തു.
പാർലമെന്റിന്റെ വർഷകാല സമ്മേളനം തീരുന്നത് വരെ ജന്തർ മന്ദറിൽ കർഷകരുടെ കിസാൻ പാർലമെന്റ് പ്രതിഷേധം തുടരും. വിവിധ കാർഷിക യൂണിയനുകളിൽനിന്നായി ഓരോ ദിവസവും 200 പേർ വീതമാണ് കിസാൻ പാർലമെന്റിൽ പങ്കെടുത്തു പ്രതിഷേധിക്കുന്നത്.