ഡ്രോണുകൾ: ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു
Sunday, July 25, 2021 12:41 AM IST
ജമ്മു: ജമ്മു മേഖലയിലേക്ക് പാക്കിസ്ഥാനിൽനിന്ന് ഡ്രോണുകൾ അയയ്ക്കുന്നതിനിനെതിരേ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. അതിർത്തിരക്ഷാസേനയും (ബിഎസ്എഫ്) പാക് അതിർത്തിസംരക്ഷണ വിഭാഗമായ പാക്കിസ്ഥാൻ റേഞ്ചേഴ്സും തമ്മിലുള്ള കമാൻഡർ തല ചർച്ചയിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഫെബ്രുവരിയിലെ വെടിനിർത്തൽ കരാറിനുശേഷം നടക്കുന്ന ആദ്യത്തെ കമാൻഡർ തല യോഗമായിരുന്നു ഇത്.
അതിർത്തിയിലെ വിവിധ പ്രശ്നങ്ങൾ ചർച്ചയിൽ വിശകലനം ചെയ്തു. ഡ്രോൺ ഉയർത്തുന്ന സുരക്ഷാപ്രശ്നങ്ങളാണു ബിഎസ്എഫ് സംഘം പ്രധാനമായും ഉന്നയിച്ചത്. അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് ഇരുവിഭാഗവും യോഗത്തിൽ സമ്മതിച്ചു. ഇന്ത്യൻ സംഘത്തെ ഡിഐജി സുർജിത് സിംഗും പാക് റേഞ്ചേഴ്സിനെ സിയാൽകോട്ട് സെക്ടർകമാൻഡർ ബ്രിഗേഡിയർ മുറാദ് ഹുസൈനുമാണ് നയിച്ചത്.
ജമ്മു അതിർത്തിയിൽ വെള്ളിയാഴ്ച പോലീസ് സംഘം അഞ്ചുകിലോ തൂക്കമുള്ള ഡ്രോൺ വെടിവച്ചുവീഴ്ത്തിയിരുന്നു. ഇന്ത്യയിലെ വിധ്വംസക ശക്തികൾക്ക് പാക്കിസ്ഥാനിലുള്ള ലഷ്കർ ഇ ത്വയ്ബ, ജയ്ഷ് ഇ -മുഹമ്മദ് ഭീകരർ ആയുധവും പണവും എത്തിക്കുന്നതിനായി പുതുതായി ഉപയോഗിക്കുന്ന മാർഗമാണ് ഡ്രോണുകൾ. ജമ്മു വിമാനത്താവളത്തിലെ വ്യോമതാവളത്തിൽ കഴിഞ്ഞമാസം 27നു ഡ്രോൺ ഉപയോഗിച്ച് ഭീകരർ ആക്രമണം നടത്തിയിരുന്നു. ഇതേത്തുടർന്ന് ഡ്രോണുകളുടെ ഉപയോഗത്തിന് അതിർത്തിഗ്രാമങ്ങളിൽ അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.