കടൽക്കൊല: പരിക്കേറ്റ മത്സ്യത്തൊഴിലാളികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ
Saturday, July 31, 2021 12:59 AM IST
ന്യൂഡൽഹി: കടൽക്കൊലക്കേസുമായി ബന്ധപ്പെട്ട് അപകടത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. കേസ് അവസാനിപ്പിക്കുന്നതിനായി ഇറ്റലി നൽകിയ 10 കോടി രൂപയിൽ ബോട്ടുടമയ്ക്ക് നൽകിയ രണ്ടു കോടി രൂപയിൽ നിന്ന് തങ്ങൾക്കും നഷ്ടപരിഹാരം വേണമെന്നാണ് ഹർജിക്കാരായ മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
അപകടത്തിൽപ്പെട്ട സെന്റ് ആൻറണി ബോട്ടിൽ അന്നുണ്ടായിരുന്ന 12 പേരിൽ ഏഴു പേരാണ് ഹർജിക്കാർ. അപകടത്തിൽ തങ്ങൾക്കും പരിക്കേറ്റുവെന്നും അതിനാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും ഹർജിയിൽ പറയുന്നു. ഹർജി പരിഗണിക്കാൻ ഇന്നലെ ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, വി.രാമസുബ്രമണ്യൻ എന്നിവരുൾപ്പെട്ട ബെഞ്ചിന് മുൻപാകെ ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും കേന്ദ്രത്തിനായി ഹാജരാകേണ്ട സോളിസിറ്റർ ജനറൽ മറ്റൊരു കേസിന്റെ വാദത്തിലായതിനാൽ ആഗസ്റ്റ് 2ന് പരിഗണിക്കുന്നതിനായി കേസ് മാറ്റി.