കല്യാണി മേനോൻ അന്തരിച്ചു
Tuesday, August 3, 2021 1:17 AM IST
ചെന്നൈ: പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക കല്യാണി മേനോൻ (80)അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നുച്ചയ്ക്കു രണ്ടിന് ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിൽ.
മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലായി നൂറിലേറെ ഗാനങ്ങൾ ആലപിച്ച കല്യാണി മേനോൻ, രാമു കാര്യാട്ടിന്റെ ദ്വീപ് (1977) എന്ന ചിത്രത്തിൽ ‘കണ്ണീരിൻ മഴയത്ത്’ എന്ന ഗാനം ആലപിച്ച് വെള്ളിത്തിരയിലെത്തി. തുടർന്ന് ‘ഋതുഭേദ കല്പന’(മംഗളം നേരുന്നു-1984), ‘പവനരച്ചെഴുതുന്നു’(വിയറ്റ്നാം കോളനി-1992), ‘നിനക്കും നിലാവിൽ’ (മുല്ലവള്ളിയും തേന്മാവും-2003), ‘ജലശയ്യയിൽ’(ലാപ്ടോപ്പ്-2018) എന്നീ ഗാനങ്ങളിലൂടെ ശ്രദ്ധേയയായി.
തുടർച്ചയായി 1983 വരെ തെലുങ്ക്, തമിഴ് സിനിമകളിൽ ഗാനങ്ങൾ ആലപിച്ചശേഷം എ.ആർ. റഹ്മാൻ സംഗീതം നൽകിയ ‘വാടീ സാത്തുക്കുടി’(പുതിയ മന്നർകൾ -1993), ‘കുളുവാളിലേ’(മുത്തു-1995), ‘ഓമനപ്പെണ്ണേ ’(വിണ്ണൈത്താണ്ടി വരുവായ-2010) എന്നീ ഗാനങ്ങളിലൂടെ തിരിച്ചെത്തി. 2018 ൽ വിജയ്സേതുപതി-തൃഷ ജോടികൾ അഭിനയിച്ച 96 എന്ന തമിഴ് സിനിമയിൽ കാതലേ.. എന്ന ഗാനമാണ് കല്യാണി മോനോൻ അവസാനമായി ആലപിച്ചത്.
എറണാകുളം കാരയ്ക്കാട്ടുമാറായിൽ ബാലകൃഷ്ണ മേനോൻ-രാജമ്മ ദന്പതികളുടെ മകളായി 1941 ജൂൺ 23നാണ് കല്യാണി മോനോന്റെ ജനനം. മക്കൾ: രാജീവ് മേനോൻ (സിനിമാ സംവിധായകൻ), കരുൺ മേനോൻ (ഇന്ത്യൻ റെയിൽവേ സർവീസ്). മരുമകൾ: ലത മേനോൻ (സിനിമാ സംവിധായിക).