വാരാന്ത കർഫ്യൂ കർണാടക പിൻവലിച്ചു
Friday, September 10, 2021 12:08 AM IST
ബംഗളൂരു: കോവിഡ് സാഹചര്യത്തിൽ കേരള, മഹാരാഷ്ട്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത കർഫ്യൂ പിൻവലിച്ചതായി കർണാടക മുഖ്യമന്ത്രി ബസവ്രാജ് ബൊമ്മെ അറിയിച്ചു.
സംസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. നിലവിൽ സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 0.73 ശതമാനമാണ്. പോസിറ്റിവിറ്റി നിരക്ക് കൂടുകയാണെങ്കിൽ കർഫ്യൂ ഏർപ്പെടുത്താൻ അതത് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം നൽകിയിട്ടുണ്ട്.
കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണകന്നഡ, കുടക്, മൈസൂരു, ചാമരാജ്നഗർ മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ബെലഗാവി, വിജയപുര, ബിദാർ, കലാബുരാഗി എന്നീ ജില്ലകളിലാണ് കഴിഞ്ഞമാസം ശനി, ഞായർ ദിവസങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയത്.